അപായ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും, ആറ് ലൈഫ് ഗാര്‍ഡുമാരുടെ സേവനം ലഭ്യമാക്കും; തിക്കോടി ബീച്ചിൽ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം
തിക്കോടി: തിക്കോടി ഡ്രൈവിംഗ് ബീച്ചില്‍ വിവിധ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചു. ഡ്രൈവിംഗ് ബീച്ചിലെ 250 മീറ്റര്‍ സ്ഥലത്ത് അപായ സൂചന ബോര്‍ഡുകള്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) സ്ഥാപിക്കും. പരിശീലനം സിദ്ധിച്ച നാട്ടുകാരായ 9 മത്സ്യത്തൊഴിലാളികളുടെ സേവനം ബീച്ചില്‍ തിരക്ക് കൂടുന്ന ആഴ്ച്ചയവസാനങ്ങളിലും അവധി ദിവസങ്ങളിലും ലഭ്യമാക്കും.
തിക്കോടി ബീച്ചില്‍ 6 ലൈഫ് ഗാര്‍ഡുമാരുടെ സേവനം ലഭ്യമാക്കുന്ന ഡിടിപിസിയുടെ പദ്ധതി നിലവില്‍ വരുന്നതുവരെ മത്സ്യത്തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തും. ബീച്ചില്‍ ശുചിമുറി, സുരക്ഷാ ജീവനക്കാരന്‍, ബീച്ച് ശുചിയാക്കാനുള്ള സംവിധാനം എന്നിവയ്ക്കായി താല്‍ക്കാലിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തിക്കോടി ഗ്രാമപഞ്ചായത്തിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ ഹരിതകര്‍മ്മ സേന അജൈവ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും ഇത് ദിവസവുമില്ല.
ജാഗ്രത പുലര്‍ത്തുന്ന 250 മീറ്ററിന് പുറത്തും കഴിയാവുന്നത്ര നിയന്ത്രണങ്ങള്‍ കൊണ്ടുവരും. താല്‍ക്കാലികമായി ഉണ്ടാക്കുന്ന സംവിധാനത്തില്‍ സുരക്ഷാ ജീവനക്കാരന്റെ മുറി, സാധനങ്ങള്‍ വെക്കാനുള്ള സംവിധാനം, ശുചിമുറി സൗകര്യങ്ങള്‍ ഉണ്ടാകും. തിക്കോടി ബീച്ചില്‍ വൈദ്യുതി വിളക്കുകള്‍ അടിയന്തിരമായി സ്ഥാപിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ബീച്ചിന്റെ തെക്കുഭാഗത്ത് ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ ശുചിമുറി ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കുന്ന പ്രവൃത്തി നടന്നുവരുന്നുണ്ടെങ്കിലും ഇത് പൂര്‍ത്തിയാവാന്‍ സമയമെടുക്കും.
പയ്യോളി നഗരസഭയ്ക്ക് കീഴിലുള്ള, മിനി ഗോവ എന്നറിയപ്പെടുന്ന വിനോദസഞ്ചാര പ്രദേശത്തെ അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) ഇ.അനിതകുമാരി, പയ്യോളി നഗരസഭ സെക്രട്ടറി എം.വിജില, കൊയിലാണ്ടി തഹസില്‍ദാര്‍ ജയശ്രീ എസ്.വാര്യര്‍, വിനോദസഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, തിക്കോടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.സന്ദീപ്, മൂടാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജിജി, ഡിടിപിസി സെക്രട്ടറി ടി.നിഖില്‍ദാസ്, പയ്യോളി എസ്‌ഐ പ്രകാശന്‍.വി എന്നിവര്‍ പങ്കെടുത്തു
കഴിഞ്ഞദിവസം തിക്കോടിയില്‍ വിനോദസഞ്ചാരത്തിനായെത്തിയ നാലുപേര്‍ തിരയില്‍പ്പെട്ട് മരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
Summary: Decision to make security arrangements in Thikkodi Driving Beac