വടകര ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കാൻ തീരുമാനം: പ്രതിഷേധവുമായി സംഘടനകൾ


വടകര: ജില്ലാ ആശുപത്രിയിലെ ഒ.പി ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയോഗം തീരുമാനിച്ചു. അഞ്ചു രൂപയിൽ നിന്നു പത്തു രൂപയാക്കിയാണ് വർധനവ്. ഡിസംബർ ഒന്നു മുതലാണ് വർധനവ് പ്രാബല്യത്തിൽ വരിക. യുഡിഎഫ്, ആർ.എം.പി.ഐ അംഗങ്ങളുടെ ശക്തമായ എതിർപ്പിനിടെയാണ് എച്ച്.എം.സി യോഗം നിരക്ക് വർദ്ധനവ് അംഗീകരിച്ചത്. എന്നാൽ തീരുമാനം അംഗീകരിക്കില്ലെന്നും ശക്തമായ പ്രതിഷേധപരിപാടികൾ നടത്തുമെന്നും ഇവർ പറഞ്ഞു.

ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളൊന്നും വര്‌ധിപ്പിക്കാതെയും ജില്ലാ ആശുപത്രി എന്ന പദവിക്കപ്പുറം അതിനനുസരിച്ചു സ്റ്റാഫ് പാറ്റേണിൽ പോലും മാറ്റം വരുത്താതെ ജനങ്ങൾ കൃത്യമായ സേവനം ലഭിക്കാതെ പ്രയാസപ്പെടുമ്പോൾ ഒ.പി ടിക്കറ്റിൻ്റെ പൈസ വർധിപ്പിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് യു.ഡി.എഫ് പ്രതിനിധികൾ പറഞ്ഞു. സർക്കാർ ആശുപത്രികളിലെ ചികിത്സ മുഴുവൻ സൗജന്യമാണെന്ന് അവകാശപ്പെടുന്നവർ തന്നെ ആശുപത്രിയിലെ മുഴുവൻ സേവനങ്ങൾക്കും പണം ഏർപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്.

കോൺഗ്രസ് പ്രതിനിധി കെ.പി.കരുണൻ, മുസ്ലിം ലീഗ് അംഗം ഒ.കെ.കുഞ്ഞബ്ദുള്ള, ആർഎംപിഐ പ്രതിനിധി എ.പി.ഷാജിത്ത്, വാർഡ് കൗൺസിലർ അജിത ചീരാം വീട്ടിൽ, ആർ.റിജു തുടങ്ങിയവർ യോഗത്തിൽ നിരക്കു വർദ്ധനവിനെതിരെ പ്രതിഷേധം അറിയിച്ചു. വർധനവ് പിൻവലിക്കും വരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നു നേതാക്കൾ അറിയിച്ചു.

Summary: Decision to double OP ticket price in Vadakara District Hospital: Organizations protest