വടകരയിലെ ആർഎംഎസ് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം; പുനഃപരിശോധനയ്ക്ക് ഒരുങ്ങി പോസ്റ്റൽ വകുപ്പ്
വടകര: വടകരയിലെ ആർഎംഎസ് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം പോസ്റ്റൽ വകുപ്പ് പുനഃപരിശോധിക്കുന്നു. ഓഫിസുകൾ അടച്ചുപൂട്ടാനുളള പോസ്റ്റൽ വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രിക്ക് അടിയന്തര സന്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം പുന:പരിശോധിക്കുന്നത്.
വിശദ റിപ്പോർട്ട് ഡിസംബർ ഒമ്പതിനകം നൽകാൻ മന്ത്രാലയം കേരള സർക്കിൾ അധികാരികളോട് ആവശ്യപ്പെട്ടു. വടകര ആർ.എം.എസും തലശ്ശേരി സോർട്ടിങ് ഓഫിസും അടച്ചുപൂട്ടാൻ ഉത്തരവിട്ടു കൊണ്ട് പോസ്റ്റൽ സർവിസ് ഡയറക്ടർ ഒക്ടോബർ 17 നാണ് ഉത്തരവിറക്കിയത്. ഡിസംബർ ഏഴു മുതലാണ് പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.
വടകര, മാഹി, പേരാമ്പ്ര മേഖലകളിലെ തപാൽനീക്കം നടക്കുന്നത് വടകര ആർ.എം.എസ് ഓഫിസ് മുഖാന്തരമാണ്. ഓഫിസ് മാറ്റിയാൽ തപാൽ ഉരുപ്പടികളുടെ കൈമാറ്റത്തെ കാര്യമായി ബാധിക്കും.