ഡിസംബർ മാസത്തെ റേഷൻ വിതരണം നാളെ വരെ; വെള്ളിയാഴ്ച റേഷൻ കടകൾ അവധി
വടകര: ഡിസംബർ മാസത്തെ റേഷൻ വിതരണം നാളെ വരെ ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ റേഷൻ സാധനങ്ങൾ എത്താൻ വൈകിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ കടകൾ വെള്ളിയാഴ്ച അവധിയായിരിക്കും.
ജനുവരി മാസത്തെ റേഷൻ വിതരണം ശനിയാഴ്ച മുതൽ ആരംഭിക്കും. ജനുവരിയിൽ വെള്ള കാർഡ് ഉടമകൾക്ക് റേഷൻ വിഹിതമായി 6 കിലോ അരി ലഭിക്കും. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് വിതരണം. നീല കാർഡ് ഉടമകൾക്ക് അധിക വിഹിതമായി മൂന്നു കിലോ അരിയും ലഭിക്കും. 10.90 രൂപ നിരക്കിലാകും ഇതു ലഭിക്കുക. നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോഗ്രാം അരി വീതം കിലോയ്ക്ക് നാലു രൂപ നിരക്കിൽ സാധാരണ വിഹിതമായും ലഭിക്കും.