ഡോ. ജോൺ ബ്രിട്ടാസ് എംപിക്കെതിരെ വധഭീഷണി; മുക്കാളി ചോമ്പാല സ്വദേശി അറസ്റ്റിൽ


മുക്കാളി: ഡോ. ജോൺ ബ്രിട്ടാസ് എംപി ക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ ബി ജെ പി പ്രവർത്തകൻ അറസ്റ്റിൽ. ചോമ്പാല സ്വദേശി സജിത്താണ് അറസ്റ്റിലായത്. വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ സംസാരിച്ചതിന് ഫേസ്ബുക്കിലൂടെ ജോൺ ബ്രിട്ടാസിനെതിരെ സജിത്ത് വധഭീഷണി മുഴക്കുകയായിരുന്നു.

സി പി ഐ (എം) ചോമ്പാല ലോക്കൽ സെക്രട്ടറി സുജിത്ത് പി കെ യുടെ പരാതിയിൽ ചോമ്പാല പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്നും മനപ്പൂർവം പ്രകോപനം ഉണ്ടാക്കണമെന്നുമുള്ള ഉദേശത്തോടെ ഫേസ്ബുക്കിൽ സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസ്.

ജിനോസ് ബഷീർ എന്നയാൾ ജോൺ ബ്രിട്ടാസ് എംപിയെ അഭിനന്ദിച്ച് ഫേസ്ബുക്കിൽ എഴുതിയ പോസ്റ്റിന് താഴെയാണ് സജിത്ത് ചരൺകയ്യിൽ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് തെറിയഭിഷേകവും വധഭീഷണിയും വന്നത്. “ഇവനെ വെടിവെച്ചു കൊല്ലണം, കേസെടുത്താലും ഞാൻ പറയും ഇവൻ്റെ ചരിത്രം. ബിജെപി വിട്ടാലും ഇവനെ വിടില്ല” എന്നിങ്ങനെയാണ് അധിക്ഷേപ കമൻ്റുകൾ.