കണ്ണൂരിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം; കുഞ്ഞിനെ കൊന്നത് ബന്ധുവായ 12 വയസുകാരി


കണ്ണൂർ: പാപ്പിനിശ്ശേരിയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് ബന്ധുവായ 12 വയസ്സുകാരിയാണെന്ന് പൊലീസ്. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിൻ്റെ സഹോദരൻ്റെ മകളാണ് പന്ത്രണ്ടുകാരി. ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നു.

മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. തമിഴ്നാട് സ്വദേശികളായ മുത്തു- അക്കമ്മ ദമ്പതികളുടെ പെണ്‍ കുഞ്ഞിനെ ഇന്ന് രാവിലെയോടെയാണ്‌ വീടിന് സമീപത്തെ കിണറിൽ നിന്ന് കണ്ടെത്തിയത്.

വാടക കോട്ടേഴ്സില്‍ താമസിക്കുന്ന ഇരുവരുടെയും കുഞ്ഞിനെ ഇന്നലെ രാത്രി പത്തുമണിയോടെയാണ് കാണാതാവുന്നത്. ശുചിമുറിയിൽ പോകാൻ എഴുന്നേറ്റപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞ് 12 വയസുകാരിയാണ് മുത്തുവിനെയും ഭാര്യയെയും വിളിച്ച് കാര്യം പറഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പന്ത്രണ്ട് മണിയോടെയാണ്‌ കുഞ്ഞിന്‍റെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെടുത്തത്‌. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.