കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം; പി.പി.ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പദവി രാജിവെച്ചു


കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയതിന് പിന്നാലെ പി.പി.ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറാൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേതാക്കള്‍ ദിവ്യയുടെ വീട്ടില്‍ എത്തിയിരുന്നു.

‘കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേര്‍പാടിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമര്‍ശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാര്‍ട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പിപി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു’, എന്നാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്.

‘കണ്ണൂർ ADM ആയിരുന്ന നവീൻ ബാബുവിൻ്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്. ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ ഞാൻ പങ്കു ചേരുന്നു. പോലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. എൻ്റെ നിരപാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് ഞാൻ നടത്തിയതെങ്കിലും, എൻ്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരി വെയ്ക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ നിന്നും മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജിവെയ്ക്കുന്നു.’ എന്നാണ് ദിവ്യ രാജിക്കത്തിൽ പറഞ്ഞിരിക്കുന്നത്.

Summary: Death of Kannur ADM Naveen Babu; PP Divya Zilla Panchayat President resigned