കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ, പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി


കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി വെച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻ കോടതി വിധി പറയുന്നത് ഈ മാസം 29 ലേക്കാണ് മാറ്റിയത്. വിശദമായ വാദം കേട്ട ശേഷമാണ് വിധി പറയുന്നത് മാറ്റിയത്.

പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മൂന്നര മണിക്കൂർ നീണ്ടു നിന്ന വാദ പ്രതിവാദമാണ് കോടതിയിൽ നന്നത്. മരണത്തിലേക്ക് തള്ളിവിടണമെന്ന് ഉദ്ദേശിച്ചില്ലെന്നും അഴിമതി ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും ദിവ്യയുടെ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ കോടതിയിൽ പറഞ്ഞു. ദിവ്യക്കെതിരെ കേസെടുത്താൽ സർക്കാർ ഉദ്യോ​ഗസ്ഥരുടെ അഴിമതി ചൂണ്ടിക്കാട്ടാൻ പിന്നീട് പൊതു സമൂഹത്തിന് ഭയമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നവീൻ ബാബുവിന്റെ മരണം വ്യക്തിഹത്യമൂലമാണ്. വ്യക്തിഹത്യ മുൻകൂർ വൈരാ​ഗ്യത്താലാണെന്നും കൃത്യമായ തിരക്കഥയാണ് എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ നടന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.ക്ഷണിക്കപ്പെടാത്ത ചടങ്ങിലാണ് ദിവ്യ എത്തിയത്.ഒരു മാധ്യമ പ്രവർത്തകനെ ഒപ്പം കൂട്ടി തന്റെ പ്രസം​ഗം ചിത്രീകരിച്ച് അത് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത് എഡിഎമ്മിനെ വ്യക്തിഹത്യ നടത്തുകയായിരുന്നെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ദിവ്യയും പെട്രോൾ പമ്പ് ഉടമ പ്രശാന്തും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ ഉൾപ്പടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.