എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യ കസ്റ്റഡിയിൽ
തലശ്ശേരി: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദിവ്യയെ കസ്റ്റഡിയിലെടുത്തതായി സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ അറിയിച്ചു. ചോദ്യംചെയ്യലിന് ശേഷം തുടര്‍നടപടികളെടുക്കുമെന്നും പോലീസ് മേധാവി പറഞ്ഞു.
തലശ്ശേരി സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ പിടിയിലായത്. ഒരു തരത്തിലുള്ള പ്രത്യേക പരിഗണനയും ദിവ്യക്ക് നൽകിയിട്ടില്ലെന്നും ജാമ്യഹരജി കോടതിയുടെ മുന്നിലുള്ളതിനാലാണ് അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് കടക്കാതിരുന്നതെന്നും പൊലീസ് കമീഷണർ പറഞ്ഞു.
അതേസമയം, ദിവ്യ കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്ന് വ്യക്തമാക്കുന്നതാണ് തലശേരി കോടതി പുറപ്പെടുവിച്ച വിധിപ്പകര്‍പ്പ്. പൊതുപ്രവര്‍ത്തകയ്ക്ക് ചേരാത്ത പ്രവൃത്തിയാണ് ദിവ്യയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നു ചൂണ്ടിക്കാട്ടിയ കോടതി, പരാതിയുണ്ടായിരുന്നുവെങ്കില്‍ നിയമപരമായ പരിഹാര മാര്‍ഗങ്ങളായിരുന്നു തേടേണ്ടിയിരുന്നതെന്നും വ്യക്തമാക്കി.
ഒക്ടോബര്‍ 15ന് രാവിലെയോടെയാണ് കണ്ണൂരിലെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂരിൽനിന്നു സ്ഥലം മാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ രാവിലത്തെ ട്രെയിനിൽ നവീൻ ബാബു കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഒക്ടോബര്‍ 14ന് വൈകിട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിലാണ് പി.പി.ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമർശിച്ചത്. ക്ഷണിക്കാതെ യോഗത്തിനെത്തിയ ദിവ്യ ചെങ്ങളായിയിൽ പെട്രോൾ പമ്പിന് അനുമതി നൽകുന്നത് മാസങ്ങളോളം വൈകിപ്പിച്ച എഡിഎമ്മിൻ്റെ നടപടിയിലാണ് വിമർശനം ഉന്നയിച്ചത്. സ്ഥലം മാറ്റം വന്നതിന് ശേഷം രണ്ട് ദിവസം മുൻപ് അനുമതി നൽകിയെന്നും അത് എങ്ങനെയെന്ന് തനിക്കറിയാമെന്നും, രണ്ട് ദിവസത്തിനുള്ളിൽ വിവരങ്ങൾ പുറത്തുവിടുമെന്നും പറഞ്ഞിരുന്നു. കളക്ടറുടെ സാന്നിധ്യത്തിലായിരുന്നു പ്രസംഗം. പ്രസംഗം അവസാനിപ്പിച്ച ദിവ്യ, ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയായിരുന്നു.
Description: Death of ADM Naveen Babu: PP Divya in custody