വീണ്ടും മരണം; കോഴിക്കോട് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു
കോഴിക്കോട്: മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു. കുറ്റിക്കാട്ടൂരിന് സമീപം ചെമ്മലത്തൂർ പേങ്കാട്ടിൽ മേത്തൽ ജിസ്‌ന (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
കുറ്റിക്കാട്ടൂരിന് സമീപം ടൈലറിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ് ജിസ്ന. 14 ദിവസം മുൻപാണ് മെഡിക്കൽ കോളേജിൽ പനിയും കാലുകൾക്ക് നേരിയ വീക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനകളിൽ മസ്‌തിഷ്‌ക ജ്വരമാണ് പിടിപെട്ടതെന്ന് കണ്ടെത്തുകയായിരുന്നു.

പിന്നീട് രോഗം മൂർച്ഛിച്ചു മരണം സംഭവിക്കുകയായിരുന്നു. രോഗംപിടിപെട്ടത് എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പരിസരത്തെ കിണറുകളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 23-ന് കൊയിലാണ്ടി ചെങ്ങോട്ടുകാവ് കൂഞ്ഞിലാരി സ്വദേശിയായ 39-കാരി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു.
Summary: Death again; Kozhikode woman died of brain fever