തിരുവനന്തപുരത്ത് കാറിനുള്ളിൽ കഴുത്തറത്തനിലയിൽ യുവാവിന്റെ മൃതദേഹം; കാറിലുണ്ടായിരുന്ന 10 ലക്ഷം രൂപ കാണാനില്ല


തിരുവനന്തപുരം: കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ കാറിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ക്രഷര്‍ യൂണിറ്റ് ഉടമയായ പാപ്പനംകോട് കൈമനം സ്വദേശി എസ്.ദീപു(45)വിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്തനിലയിലാണ് മൃതദേഹം. ദേശീയപാതയ്ക്കരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് കഴുത്തറത്ത് കൊല്ലപ്പെട്ടനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

യുവാവിനെ ആസൂത്രിതമായ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നി​ഗമനം. കാറിലുണ്ടായിരുന്ന പത്ത് ലക്ഷം രൂപ കാണാനില്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. യുവാവിന്റെ കൈയില്‍ പണമുണ്ടെന്ന വിവരം കൃത്യമായി അറിയാവുന്നയാളാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് കരുതുന്നു.

മണ്ണുമാന്തി യന്ത്രങ്ങള്‍ വാങ്ങി വില്‍പ്പന നടത്തുന്നയാളാണ് ദീപു. ബിസിനസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു. ഇതിനായുള്ള പണമാണ് കാറിലുണ്ടായിരുന്നത്.

കാറിനുള്ളില്‍ കയറി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം പണം കവര്‍ന്നതായാണ് പ്രാഥമിക നിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ദീപുവിന്റെ മൊബൈല്‍ഫോണ്‍ വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്. ദീപു ചെന്നൈയിലേക്ക് പോകുന്നവിവരവും കൈയില്‍ പണമുണ്ടെന്ന കാര്യവും ആര്‍ക്കെല്ലാം അറിയാമെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ ഒരു സുഹൃത്തിനെ കാണാനായാണ് കളിയിക്കാവിളയില്‍ കാര്‍ നിര്‍ത്തിയതെന്നാണ് പ്രാഥമികവിവരം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

സീറ്റ് ബെല്‍റ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. നാട്ടുകാരാണ് രാത്രി 12 മണിയോടെ കളിയിക്കാവിള പോലീസിനെ വിവരം അറിയിച്ചത്. മൃതദേഹം നാഗര്‍കോവില്‍ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കളിയിക്കാവിള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.