അടച്ചിട്ട വീട് കുത്തിത്തുറന്ന് പട്ടാപ്പകൽ മോഷണം; തൂണേരിയിൽ നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു


നാദാപുരം: തൂണേരിയില്‍ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ നാടോടി സ്ത്രീകള്‍ പിടിയില്‍. തൂണേരി പഞ്ചായത്തിലെ കോടഞ്ചേരിയില്‍ തെയ്യുള്ളതില്‍ രാമകൃഷ്ണന്റെ അടച്ചിട്ട വീട് കുത്തിത്തുറന്നാണ് പട്ടാപ്പകല്‍ മോഷണം നടന്നത്.

വിലപിടിപ്പുള്ള ചെമ്പ് പാത്രങ്ങളും അലൂമിനിയം പാത്രങ്ങളും കൊണ്ടുപോകുന്നതില്‍ സംശയം തോന്നിയ നാടോടി സംഘത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ തടഞ്ഞു നിർത്തി ചോദ്യം ചെയ്തപ്പോഴാണ് കവർച്ചാ ശ്രമമാണെന്ന് മനസ്സിലായത്. സംഘത്തിലെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഒരു സ്ത്രീയെ തൊഴിലുറപ്പ് തൊഴിലാളികള്‍ ചേർന്ന് പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

ഓട്ടുപാത്രങ്ങളും ഉരുപ്പടികളും ചാക്കുകളിലാക്കി കോടഞ്ചേരി മഠത്തില്‍ ക്ഷേത്രപരിസരത്തുള്ള കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കാട്ടില്‍ ഒളിച്ചിരുന്ന സംഘത്തിലെ മറ്റു രണ്ടുപേരെയും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാട്ടുകാർ പിടികൂടി. അഞ്ചുപേരാണ് സംഘത്തി ലുണ്ടായിരുന്നതെന്നും വടകരയിലാണ് താമസമെന്നും ഇവർ നാട്ടുകാരോട് പറഞ്ഞു. ഇവർക്ക് മറ്റേതെങ്കിലും മോഷണത്തിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Summary: Daylight robbery by breaking into a locked house; In Thuneri, local women were caught by locals and handed over to the police