തെരുവില്‍ ചെരുപ്പ് കുത്തി സ്വരുക്കൂട്ടിയ തുക രണ്ടു വയസുകാരന്‍ ഇവാന്റെ ചികിത്സയ്ക്കായി നല്‍കി; കയ്യടിക്കാം പേരാമ്പ്രയുടെ കൂട്ടുകാരി ഡയാന ലിസിയുടെ നന്മ മനസിന്


പേരാമ്പ്ര: ഇല്ലായ്മയിലും പാലേരിയിലെ രണ്ടു വയസുകാരന്‍ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്ക് തന്നാലാകുന്ന സഹായം നല്‍കി പേരാമ്പ്രയുടെ കൂട്ടുകാരി ഡയാന ലിസി. തെരുവില്‍ ചെരുപ്പ് കുത്തി ജീവിക്കുന്ന ഡയാന തന്റെ സമ്പാദ്യമാണ് കുഞ്ഞു ഇവാന്റെ ചികിത്സക്ക് വേണ്ടി നല്കി മാതൃകയായത്. എസ് എം എ രോഗം ബാധിച്ച ഇവാന്റെ ചികിത്സയ്ക്ക് 18 കോടിയോളം രൂപ ആവശ്യമാണ്. ഇതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തി വരുന്നുണ്ട്. ഇതിലേക്കാണ് തന്റെ പങ്ക് നല്‍കി ലിസി കൈത്താങ്ങേകിയത്.

18കോടി സമാഹരണത്തില്‍ നാട്ടിലും മറു നാട്ടിലും ഉള്ളവര്‍ ഒന്നടങ്കം രംഗത്തുണ്ട്.നാട്ടിലെ അഞ്ച് യുവാക്കളുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണ പ്രചരണാര്‍ത്ഥം പാലേരി മുതല്‍ തിരുവനന്തപുരം വരെ സൈക്കിള്‍ സവാരി നടത്തുന്നുണ്ട്. ജനകീയ കമ്മിറ്റിയുടെ നേതൃത്തത്തില്‍ വിവിധ സബ് കമ്മിറ്റി രൂപീകരിച്ച് ഫണ്ട് സമാഹരണത്തിനുള്ള തീവ്ര ശ്രമത്തിലാണ്. ഒന്നര മാസം കൊണ്ട് 18കോടി പിരിഞ്ഞാല്‍ മാത്രമേ കുഞ്ഞു ഇവാന്റെ ചികിത്സ നടത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ പറ്റൂ. എത്രയും പെട്ടെന്ന് ഫണ്ട് കണ്ടെത്താന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ കഴിയുകയാണ് ഇവാന്റെ കുടുംബവും നാട്ടുകാരുമെല്ലാം.

ഇവാന്റെ ചികിത്സക്ക് ഡയാന ലിസിയുടെ സഹായം വലിയ പ്രചോദനം നല്‍കുന്നുവെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. പേരാമ്പ്ര ബസ്സ്റ്റാന്‍ഡ് പരിസരത്ത് വെച്ച് നടന്ന കൈമാറ്റ ചടങ്ങില്‍ ഡയാന ലിസി പതിനായിരം രൂപ സയ്യിദ് അലി തങ്ങള്‍ പാലേരിക്ക് കൈമാറി. മേനിക്കണ്ടി അബ്ദുല്ല മാസ്റ്റര്‍ ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹി മജീദ് വയലാളി,ഓട്ടോ തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു

കല്ലുള്ളതിൽ മുഹമ്മദ് ഇവാൻ ചികിത്സാ സഹായ കമ്മിറ്റി പാലേരി എന്ന പേരിൽ ഫെഡറൽ ബാങ്ക് കുറ്റ്യാടി ശാഖയിൽ അക്കൗണ്ട് തുടങ്ങി.

അക്കൗണ്ട് നമ്പർ: 20470200002625

IFSC: FDRL0002047)

ഗൂഗിൾ പേ നമ്പർ: 7034375534 (എൻ.എം.ജാസ്മിൻ)