ഉല്‍പാദന ചെലവിലെ വര്‍ദ്ധനവും പാല്‍ വിലയിലെ മാറ്റമില്ലായ്മയും; പേരമ്പ്ര മേഖലയിലെ ക്ഷീരകര്‍ഷകര്‍ ദുതരതത്തില്‍


പേരാമ്പ്ര: ഉല്‍പാദനച്ചെലവ് ഗണ്യമായി വര്‍ധിച്ചതോടെ പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ ദുരതത്തില്‍. കാലിത്തീറ്റ ഉല്‍പന്നങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തിനിടെ 30 ശതമാനം വര്‍ധനയാണുണ്ടായത്. 2019ലാണ് ഒടുവില്‍ പാല്‍വില വര്‍ധിപ്പിച്ചത്. ക്ഷീരമേഖലയെ മാത്രം ആശ്രയിക്കുന്ന കര്‍ഷകരാണ് ഇതോടെ കടുത്ത പ്രതിസന്ധിയിലായത്.

ഒരു ലിറ്റര്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നതിന് 53 രൂപ ചെലവ് വരുമെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. ഒരു ലിറ്റര്‍ പാലിന് കര്‍ഷകര്‍ക്ക് ലഭിക്കുന്നത് 37.5 രൂപയാണ്. ഇതിനാല്‍ തന്നെ പാല്‍ ഉല്‍പാദനത്തില്‍ രണ്ട് വര്‍ഷത്തിനിടെ കുറവുണ്ടായെന്നാണ് ക്ഷീരോല്‍പാദക സഹകരണസംഘങ്ങളുടെ വിലയിരുത്തല്‍.

ഉല്‍പാദനച്ചെലവിന് ആനുപാതികമായി പാല്‍ വില വര്‍ധിപ്പിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. മില്‍മ പ്രഖ്യാപിച്ച അഞ്ച് രൂപ ബോണസ് കര്‍ഷകര്‍ക്ക് ലഭിക്കാതിരിക്കാനുള്ള മാനദണ്ഡങ്ങളാണുള്ളതെന്ന് ക്ഷീരകര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് പ്രദേശത്തെ ക്ഷീരകര്‍ഷകരുടെ ആവശ്യം.