കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും; കോഴിക്കോട് ഉൾപ്പടെ ആറ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്


കോഴിക്കോട്: കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട് ഉള്‍പ്പെടെ ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

തെക്ക് കിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. വടക്കന്‍ തമിഴ്‌നാടിനും തെക്കന്‍ ആന്ധ്രാ പ്രദേശിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണം. മധ്യ കിഴക്കന്‍ അറബിക്കടല്‍ മുതല്‍ മാലദ്വീപ് വരെ ന്യുനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നു.

ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആഗസ്റ്റ് 21ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Description: Cyclone and low pressure area over Kerala; Warning of heavy rain in six districts including Kozhikode