അർജുന്റെ കുടുംബത്തിനെതിരെയുണ്ടായ സൈബർ ആക്രമണം; ലോറി ഉടമ മനാഫിനെതിരെ പോലിസ് കേസെടുത്തു


കോഴിക്കോട്: സൈബർ ആക്രമണത്തിനെതിരെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവർ അർജുൻറെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യൽ മീഡിയയിലെ പ്രചരണം നടത്തിയവർ തുടങ്ങിയവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാ​ഗമായി സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കും. കൂടാതെ അർജുന്റെ കുടുംബത്തിൻറെ മൊഴി ഇന്ന് രേഖപ്പെടുത്തും.

ഇന്നലെ കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്. സഹിക്കാൻ ആകാത്ത വിധത്തിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത് എന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. ലോറി ഉടമ മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബർ ആക്രമണമാണ് കുടുംബം നേരിടുന്നതെന്ന് കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അർജുൻറെ സഹോദരി ഭർത്താവ് ജിതിൻ പറഞ്ഞിരുന്നു.

മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി മനാഫും രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണം രൂക്ഷമായതോടെ ഇന്നലെ മനാഫ് വാർത്താസമ്മേളനം നടത്തി അർജുൻറെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞു. അർജുൻറെ കുടുംബത്തിനെതിരായി നടക്കുന്ന സൈബർ ആക്രമണങ്ങൾ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു.