കോഴിക്കോട് സ്വദേശിയായ സിനിമാ-നാടക നടന്‍ സി.വി.ദേവ് അന്തരിച്ചു


കോഴിക്കോട്: കോഴിക്കോട് സ്വദേശിയും പ്രമുഖ സിനിമാ-നാടക നടനുമായ സി.വി.ദേവ് അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സി.വി.ദേവ്.

നൂറിലേറെ സിനിമകളിലും പ്രശസ്തമായ നിരവധി നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. യാരോ ഒരാള്‍ എന്ന ചിത്രത്തിലൂടെയാണ് ദേവ് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീടിങ്ങോട്ട് മലയാളികളുടെ മനസില്‍ തങ്ങി നില്‍ക്കുന്ന നിരവധി ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടിട്ടുണ്ട്.

‘സന്ദേശ’ത്തിലെ ആര്‍ഡിപിക്കാരന്‍, ‘മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍’ എന്ന സിനിമയിലെ ആനക്കാരന്‍, ‘ഇംഗ്ലീഷ് മീഡിയ’ത്തിലെ വത്സന്‍ മാഷ്, ‘ചന്ദ്രോത്സവ’ത്തിലെ പാലിശ്ശേരി, ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന സിനിമയിലെ ഗോപിയേട്ടന്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ വേഷങ്ങള്‍. കൂടാതെ സദയം, പട്ടാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു, മിഴി രണ്ടിലും, നേര്‍ക്ക് നേരെ തുടങ്ങിയ ചിത്രങ്ങളിലും സി.വി.ദേവ് അഭിനയിച്ചു.