ശിശുക്ഷേമ സമിതിയിൽ രണ്ടരവയസുകാരിയോട് കൊടുംക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന്‌ ജനനേന്ദ്രിയത്തില്‍ ക്രൂരമായി മുറിവേല്‍പ്പിച്ചു; മൂന്ന് ആയമാര്‍ അറസ്റ്റില്‍


തിരുവനന്തപുരം: ശിശുക്ഷേമ സമിതി കേന്ദ്രത്തില്‍ കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയെ ക്രൂരമായി മുറിവേല്‍പ്പിച്ചു. സംഭവത്തില്‍ മൂന്ന് ആയമാര്‍ അറസ്റ്റിലായി. കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം ആയമാര്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി തിരുവന്തപുരം ശിശുക്ഷേമ സമിതി കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന അജിത, സിന്ധു, മഹേശ്വരി എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായ മൂന്ന് സ്ത്രീകളും താല്‍ക്കാലിക ജീവനക്കാരാണ്. മറ്റു ആയമാര്‍ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കുട്ടി നിര്‍ത്താതെ കരഞ്ഞതോടെ പരിശോധിച്ചപ്പോഴാണ് ക്രൂരമായി മുറിവേല്‍പ്പിച്ചത് കണ്ടെത്തിയത്. തുടര്‍ന്ന്, ഞായറാഴ്ച തൈക്കാട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ നടന്ന വൈദ്യപരിശോധനയില്‍ കൂടുതല്‍ മുറിവുകള്‍ കണ്ടെത്തി.

ഇതോടെ മ്യൂസിയം പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ മൂന്ന് ആയമാരാണ് കുറ്റക്കാരെന്ന് കണ്ടെത്തി. ഇവരെ ചോദ്യം ചെയ്യുകയും അറസ്റ്റ് നടത്തുകയുമായിരുന്നു.

Description: Cruelty to two-and-a-half-year-old girl in Child Welfare Committee