ക്രൂരമായ കുട്ടിക്കാല അനുഭവം, ലൈംഗികാതിക്രമം തുടങ്ങിയവ ജീവനൊടുക്കാൻ പ്രേരിപ്പിച്ചേക്കാം; വാളയാർ കേസിലെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ


പാലക്കാട്: വാളയാറിൽ ലൈംഗികാതിക്രമത്തിന് ഇരയായ പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ. മരണത്തിന്റെ സ്വഭാവമനുസരിച്ച് ആത്മഹത്യയാകാനാണ് സാധ്യതയെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. കൊലപാതകത്തിന് ശേഷം കുട്ടികളെ കെട്ടിത്തൂക്കിയതാണെന്നുള്ള സാധ്യത യുക്തിസഹമായ മെഡിക്കൽ റിപ്പോർട്ട് തള്ളിക്കളയുന്നു. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ആത്മഹത്യയാണെന്ന് സിബിഐ വ്യക്തമാക്കുന്നത്.

ദേശീയ മാധ്യമമായ ഹിന്ദുവാണ് കുറ്റപത്രത്തെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇളയകുട്ടിയുടെ മരണത്തിൽ തൂങ്ങിമരണത്തിൻ്റെ സാധ്യത പൂർണമായി തള്ളിക്കളയാനാവില്ലെന്നും സിബിഐ പറഞ്ഞു. ഇളയകുട്ടിക്ക് ഒമ്പത് വയസാണ്. എന്നാൽ കുട്ടിയെ കണ്ടെത്തിയ രീതിയിലുള്ള തൂങ്ങിമരണം കുട്ടിക്ക് അസാധ്യമായിരുന്നില്ലെന്നും സിബിഐ വ്യക്തമാക്കി. അതേസമയം പെൺകുട്ടികളുടേത് ആത്മഹത്യയാണെന്ന സിബിഐയുടെ കണ്ടെത്തൽ നേരത്തെ തന്നെ പാലക്കാടെ വിചാരണ കോടതി തള്ളിക്കളഞ്ഞിരുന്നു.

സൈക്കോളജിക്കൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സിബിഐ മരണരീതി സംബന്ധിച്ച് കൃത്യമായ നിഗമനം ദുഷ്‌കരമാണെന്ന് കൂട്ടിച്ചേർക്കുന്നു.’സങ്കീർണമായ കുടുംബ പശ്ചാത്തലം, ക്രൂരമായ കുട്ടിക്കാല അനുഭവം, ലൈംഗികാതിക്രമം, കുറ്റവാളികളുടെ അടുത്ത സാന്നിധ്യം, അവരുടെ ഭീഷണി, പ്രാഥമികമായ പിന്തുണയുടെ അഭാവം തുടങ്ങിയ ഘടകങ്ങൾ ജീവനൊടുക്കുകാൻ കുട്ടിയെ പ്രേരിപ്പിച്ചേക്കാം’, കുറ്റപത്രത്തിൽ പറയുന്നു. കുട്ടികളുടെ മാനസികമായി സങ്കീർണമുണ്ടാക്കുന്ന സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ആത്മഹത്യയ്ക്കുള്ള സാഹചര്യം തള്ളിക്കളയാനാകില്ലെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ടും സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിനുള്ള സാധ്യത ഈ കേസിലില്ലെന്ന് ഫോറൻസിക് വിദ്ഗദനും വ്യക്തമാക്കിയതായി സിബിഐ പറയുന്നു.