വടകരയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയ്ക്ക് അന്വേഷണച്ചുമതല


കോഴിക്കോട്: വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസാണ് അന്വേഷണം നടത്തുക.

വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച വടകര കല്ലേരി സ്വദേശി സജീവനാണ് (42) വ്യാഴാഴ്ച രാത്രി 11.30ഓടെ മരിച്ചത്. സജീവനെ വടകര എസ്.ഐ മര്‍ദിച്ചതായി സുഹൃത്തുക്കളും ബന്ധുക്കളും ആരോപിച്ചിരുന്നു. കുഴഞ്ഞു വീണപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയാറായില്ലെന്നും സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. സജീവന്റെ പോസ്റ്റ്‌മോര്‍ട്ടം ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തും.

സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍, മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്.ഐ മര്‍ദിക്കുകയായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇതോടെ സജീവന്‍ സ്റ്റേഷന് മുന്നില്‍ കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിക്കാന്‍ പൊലീസുകാരോട് ആവശ്യപ്പെട്ടെങ്കിലും ഗ്യാസിന്റെ പ്രശ്‌നമാകാമെന്ന് പറഞ്ഞ് അവര്‍ വൈകിപ്പിച്ചെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്.

സജീവന്‍ കുഴഞ്ഞുവീഴുന്നത് കണ്ട ഓട്ടോതൊഴിലാളികളാണ് ആംബുലന്‍സ് വിളിച്ച് വടകര സഹകരണ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. അപ്പോഴേക്കും മരിച്ചിരുന്നെന്നും കൂടെയുണ്ടായിരുന്നവര്‍ വെളിപ്പെടുത്തി.

അതേസമയം കസ്റ്റഡിയില്‍ മര്‍ദിച്ചെന്ന ആരോപണം പൊലീസ് നിഷേധിച്ചിട്ടുണ്ട്. സ്റ്റേഷനിലെത്തിച്ച് 20 മിനിറ്റിനകം നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും സ്റ്റേഷനില്‍നിന്ന് പുറത്തു വന്ന ഉടന്‍ സ്റ്റേഷന് മുന്നില്‍ സജീവന്‍ കുഴഞ്ഞു വീഴുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരാണ് ഇദ്ദേഹം വീഴുന്നത് കണ്ടത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണ് പൊലീസിന്റെ വാദം.