മാതാ പേരാമ്പ്രക്ക് പിന്നില്‍ സംഘപരിവാറോ? സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാന വിവാദം അന്വേഷിക്കണം; സി.പി.എം


കോഴിക്കോട്: 61ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്‌ക്കാരം വിമര്‍ശനത്തിനിടയാക്കിയ സാഹചര്യത്തില്‍ വിഷയം ഗൗരവത്തോടെ കാണുന്നുവെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി. സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തില്‍ ഒരു ഭീകരവാദിയെ ചിത്രീകരിക്കാന്‍ മുസ്ലീം വേഷധാരിയായ വ്യക്തിയെ അവതരിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരും, കേരളീയ സമൂഹവും ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നും സി.പി.എം ജില്ലാക്കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു.

തീവ്രവാദവും, ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. ഇത്തരമൊരു ചിത്രീകരണം ഉണ്ടായതെങ്ങനെയെന്ന് പരിശോധിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് അവശ്യപ്പെടുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

അതേസമയം സി.പി.ഐയുടെ അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു നേതൃത്വം നൽകിയ റിസപ്ഷൻ കമ്മറ്റിക്കാണ് സ്വാഗത ഗാനം തയ്യാറാക്കാൻ ചുമതലയുണ്ടായിരുന്നത്. അവരാണ് മാതാ പേരാമ്പ്രയെ സ്വാഗത ഗാനം ചിട്ടപ്പെടുത്താൻ ഏൽപ്പിചപ്പിച്ചത്.

സ്വാഗതഗാനം അവതരിപ്പിച്ച മാതാ പേരാമ്പ്രയ്‌ക്കെതിരെ വിമര്‍ശനവുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. സ്വാഗതഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മാതാ പേരാമ്പ്രയെന്ന സംഘത്തിന് സംഘപരിവാര്‍ സംഘടനകളുമായി വ്യക്തമായ അടുപ്പമുണ്ടെന്ന് പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് ആരോപിക്കുന്നത്. ‘മാത പേരാമ്പ്ര എന്തെന്നും ആരാണ് അതിന് പിന്നിലെ സൂത്രധാരെന്നും പകല്‍ പോലെ സുവ്യക്തം. ജാഗ്രതകുറവ് തന്നെയാണ് ഇത്തരം പോസ്റ്റിന് ഇടവരുത്തിയത്. കുറഞ്ഞ പക്ഷം പേരാമ്പ്രയിലെ പാര്‍ട്ടിയോട് മാതാ പേരാമ്പ്രയേ കുറിച്ചു ആരായമായിരുന്നു’- എന്നാണ് ഡി വൈ എഫ് ഐ നേതാവായിരുന്ന മുനീര്‍ കൂരാച്ചുണ്ട് ജില്ല കമ്മിറ്റിയുടെ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് അഭിപ്രായപ്പെട്ടിരിക്കുന്നത്.

‘പാര്‍ട്ടിയുടെ തീരുമാനം സ്വാഗതാര്‍ഹം. മാത പേരാമ്പ്ര ഇന്നുവരെ അവതരിപ്പിച്ച എല്ലാ പരിപാടികളിലും ആര്‍.എസ്.എസ് ആശയങ്ങള്‍ കുത്തിതിരുകിയിരുന്നു എന്ന് കാണാം. പാര്‍ട്ടി വേദികളിലും പാര്‍ട്ടി സ്വാധീനത്താല്‍ ലഭിച്ച വേദികളിലും അവതരിപ്പിച്ച കലാപരിപാടികളില്‍ സ്വാതന്ത്ര്യ സമരം അവതരിപ്പിക്കുമ്പോള്‍ സര്‍വര്‍ക്കര്‍ പോരാളിയാകുന്നത് കണ്ടിരുന്നവര്‍ക്കൊന്നും അത് മനസ്സിലായില്ല എന്ന് അറിയുന്നത് അത്ഭുതപ്പെടുത്തുന്നു ! ഹിന്ദുത്വത്തെയും ഹിന്ദുത്വ ആശയങ്ങളെയും പ്രത്യക്ഷത്തില്‍ തന്നെ അവതരിപ്പിച്ചത് കണ്ടിരുന്നു കയ്യടിച്ചവര്‍ക്ക് ആ ആശയങ്ങളിലെ അപകടം മനസ്സിലായില്ലെങ്കില്‍ ഇടതുപക്ഷ സംസ്‌കാരിക മണ്ഡലത്തിന് എന്തൊക്കെയോ സംഭവിച്ചു എന്ന് ആശങ്കപ്പെടണം!’- എന്നാണ് പ്രസാദ് കൈതക്കല്‍ എന്ന സി.പി.എം പ്രവര്‍ത്തകന്‍ അഭിപ്രായപ്പെടുന്നത്.

കലോത്സവത്തിന്റെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യവും സംഘപരിവാര്‍ ബന്ധവും അന്വേഷിക്കണമെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ബോധപൂര്‍വ്വം കലാപന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

summary: CPM will investigate the controversy surrounding the welcome song of the state school arts festival