സംഘര്‍ഷങ്ങളുടെ തുടക്കം ഓണ ദിനങ്ങളില്‍ നാട്ടുകാര്‍ തമ്മിലുണ്ടായ ചെറിയ വാക്കുതര്‍ക്കം; നിസാര പ്രശ്‌നങ്ങളെ ആര്‍.എസ്.എസ് രാഷ്ട്രീയമായി കണ്ടെന്ന് സി.പി.എം; പാലേരിയിലെ അക്രമസംഭവങ്ങളെക്കുറിച്ച് സി.പി.എം, ബി.ജെ.പി നേതൃത്വം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്


പാലേരി: രണ്ട് സമാധാന യോഗങ്ങള്‍ക്ക് ശേഷവും പാലേരിയില്‍ സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം തുടരുന്നു. കന്നാട്ടിയിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ വീടിനുനേരെയുണ്ടായ ബോംബേറാണ് ഏറ്റവുമൊടുവിലായുണ്ടായത്. ആറുദിവസം മുമ്പ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകായ പാലേരി കോങ്ങോടുമ്മല്‍ വിപിന്റെ വീടിനുനേരെയും ബോംബേറുണ്ടായിരുന്നു.

പാലേരിയുണ്ടായ അക്രമസംഭവങ്ങളുടെ തുടക്കം രാഷ്ട്രീയ സംഘര്‍ഷമോ രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമോ അല്ലെന്നാണ് സി.പി.എം പറയുന്നത്. ഓണത്തിന്റെ സമയത്ത് പ്രദേശത്തെ ചിലയാളുകള്‍ തമ്മിലുള്ള തര്‍ക്കം രാഷ്ട്രീയമായി ചേരിതിരിച്ച് ആര്‍.എസ്.എസ് കണ്ടതാണ് ഈ പ്രശ്‌നം രാഷ്ട്രീയമായി മാറാന്‍ കാരണമെന്നാണ് സി.പി.എം ലോക്കല്‍ സെക്രട്ടറി പ്രവീണ്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

”ഉത്രാടദിനത്തില്‍ വടക്കുമ്പാടുള്ള ഒരു ചെറുപ്പക്കാരന്‍ കന്നാട്ടിയില്‍ ഒരാളെ ഇറക്കി കൊടുക്കാന്‍ വേണ്ടി പോയതാണ്. ആ ചെറുപ്പക്കാരനെ കന്നാട്ടിയില്‍ തടഞ്ഞുവെച്ചു. ഇത് അരമണിക്കൂറോളം നീണ്ടുനിന്നു. അവിടെ തടഞ്ഞുവെച്ചയാളും ആ ചെറുപ്പക്കാരനും ചില അസ്വാരസ്യങ്ങളുണ്ടായി. തിരുവോണ ദിവസം വടക്കുമ്പാടുള്ള മൂന്നാലുപേരടങ്ങുന്ന സംഘം ഇത് ചോദ്യം ചെയ്യാനായി കന്നാട്ടിയിലേക്ക് പോയി. അവിടെവെച്ച് അശ്വിന്‍രാജ് എന്ന ചെറുപ്പക്കാരന്‍ ഇവരുമായി തട്ടിക്കയറുകയും ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കുകയും ചെയ്തു. അതോടുകൂടിയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

അശ്വിന്‍രാജ്, ശിവപ്രസാദ് എന്ന സുഹൃത്തിനെ വിളിച്ചുവരുത്തി. ഇയാള്‍ മാരകായുധവുമായി വന്നുവെന്നാണ് പറയപ്പെടുന്നത്. അവിടെവെച്ച് ഇവരുതമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഈ സംഭവത്തിനെ രാഷ്ട്രീയമായി ചേരിതിരിച്ച് കാണുന്ന നില ആര്‍.എസ്.എസിന്റെ പക്ഷത്തുനിന്നുണ്ടായി.”

എന്നാല്‍ തിരുവോണ നാളില്‍ ബി.ജെ.പി പ്രവര്‍ത്തകരെ സി.പി.എം പ്രവര്‍ത്തകര്‍ മദ്യപിച്ച് മര്‍ദ്ദിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി രാഘവന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 12ന് പേരാമ്പ്ര സി.ഐ ഉഭയകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈ യോഗത്തില്‍ എല്ലാ കാര്യങ്ങളും പരിശോധിച്ചശേഷം പ്രദേശത്ത് സമാധാനം പുലര്‍ത്തണമെന്ന തീരുമാനത്തോട് രണ്ട് പാര്‍ട്ടികളും യോജിപ്പിലെത്തിയിരുന്നു. എന്നാല്‍ പിന്നീടും അക്രമങ്ങള്‍ തുടരുന്നതാണ് കണ്ടത്.

സമാധാന യോഗത്തിനുശേഷവും ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്നും പ്രകോപനപരമായ നീക്കമുണ്ടായെന്നാണ് സി.പി.എം ആരോപിക്കുന്നത്. ‘ സി.പി.എം പ്രവര്‍ത്തകരുടെ ഫോട്ടോ നവമാധ്യമങ്ങളിലൂടെ സി.പി.എം ക്രിമിനല്‍ സംഘം, ഡി.വൈ.എഫ്.ഐ ഗുണ്ടാ സംഘം എന്നൊക്കെ പ്രചരിപ്പിക്കുകയായിരുന്നു. സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാരുടെയടക്കം ഫോട്ടോകള്‍ ഉള്‍പ്പെടുത്തി എല്ലാ ഗ്രൂപ്പിലും ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന നിലയുണ്ടായി.’ പ്രവീണ്‍ പറയുന്നു.

ഈ സംഭവങ്ങള്‍ക്കുശേഷമാണ് വടക്കുമ്പാടുള്ള ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണമുണ്ടായത്. സമാധാന യോഗത്തിനുശേഷം അക്രമസംഭവങ്ങള്‍ തുടങ്ങിയത് ഈ സംഭവത്തോടെയാണെന്ന് ബി.ജെ.പിയും സമ്മതിക്കുന്നു. ”സമാധാന യോഗത്തിനുശേഷം ഒരുമാസത്തോളം ഒരു പ്രശ്‌നവുമുണ്ടായിട്ടുമില്ല. എന്നാല്‍ അതിനുശേഷം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം ആര്‍.എസ്.എസിന്റെ ഭാഗത്തുനിന്നുണ്ടായി. അതുകഴിഞ്ഞതിനുശേഷം ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനുനേരെ ആക്രമണമുണ്ടായി, അയാളുടെ അമ്മയ്ക്ക് പരിക്കേറ്റു. രണ്ട് ദിവസവും മുമ്പേ ഒരു സമാധാന യോഗം ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തതാണ്. നേരത്തെയുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പി പ്രവര്‍ത്തകരെ വീടുകയറി അക്രമിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ഇതേ വകുപ്പില്‍ കേസെടുത്തിട്ടും അവര്‍ നിര്‍ബാധം നടക്കുകയാണ്. ഇന്നലെ ഡി.വൈ.എഫ്.ഐയുടെ ലഹരിവിരുദ്ധ പ്രതിഷേധമുണ്ടായിരുന്നു. അതില്‍ ആര്‍.എസ്.എസിനെതിരെ മുദ്രാവാക്യം വിളിയ്ക്കുകയും മറ്റും ചെയ്തിരുന്നു. അതിനുശേഷമാണ് ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറുണ്ടായിരുന്നത്.” രാഘവന്‍ പറയുന്നു.

വടക്കുമ്പാട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണമുണ്ടായതോടുകൂടിയാണ് പാലേരിയിലെ പ്രശ്‌നം രാഷ്ട്രീയ സംഘര്‍ഷമായി മാറിയതെന്നാണ് സി.പി.എം പറയുന്നത്. സര്‍വ്വകക്ഷിയോഗത്തിലെടുക്കുന്ന തീരുമാനം നഗ്നമായി ലംഘിക്കുന്ന സമീപനമാണ് ആര്‍.എസ്.എസ് സ്വീകരിച്ചത്. സി.പി.എം പ്രവര്‍ത്തകര്‍ ജോലിയ്ക്ക് പോകുന്ന ഇടങ്ങളില്‍ ചെന്ന് അവരെ ബുദ്ധിമുട്ടിക്കുക, സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തുക തുടങ്ങിയ സമീപനം തുടര്‍ന്നെന്നും സി.പി.എം ആരോപിച്ചു. വളരെ നിസാരമായ സംഭവം പെരുപ്പിച്ച് കാട്ടി സംഘര്‍ഷമുണ്ടാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് സി.പി.എം ആരോപിക്കുന്നു.

ഇരുരാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ ഇടപെട്ട് എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പാലേരിയുടെ സമാധാന അന്തരീക്ഷത്തെ അത് വലിയ തോതില്‍ ബാധിക്കും. അക്രമികള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും നടപടി ശക്തമാക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു. നിസാര സംഭവങ്ങള്‍ പോലും രാഷ്ട്രീയമായി ഉപയോഗിച്ച് നാട്ടില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടുവരണം. എങ്കിലേ പാലേരിയിലെ സമാധാന അന്തരീക്ഷം നിലനിര്‍ത്താനാവൂ.