സി.പി.എം നേതാവും മുൻ ചോറോട് പഞ്ചായത്ത് പ്രസിഡണ്ടുമായ ടി.വി.ബാലൻ മാസ്റ്റർ അന്തരിച്ചു


ചോറോട്: സി.പി.ഐ.എം നേതാവും ചോറോട് മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ ചോറോട് ഹൃദ്യയിൽ ടി.വി.ബാലൻ മാസ്റ്റർ അന്തരിച്ചു. 85 വയസ്സായിരുന്നു. സിപിഐഎം മുൻ ഒഞ്ചിയം ഏരിയാ കമ്മറ്റിയംഗവും പ്രഭാഷകനും അധ്യാപക പ്രസ്ഥാനത്തിന്റെ ആദ്യ കാല സംഘാടകനുമായിരുന്നു. മുട്ടുങ്ങൽ സൗത്ത് യു.പി സ്ക്കൂൾ അധ്യാപകനായിരുന്നു.

വിമോചന സമരകാലത്ത് വള്ളിക്കാട് റൈവൽ സ്ക്കൂൾ അധ്യാപകനായി പ്രവർത്തിച്ചു. വള്ളിക്കാട് കുടികിടപ്പ് സമര കാലത്ത് സിപിഐഎം ചോറോട് ലോക്കൽ കമറ്റി സെക്രട്ടറിയായിരുന്നു. 1962 മുതൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായ അദ്ദേഹം നിലവിൽ ചോറോട് ബ്രാഞ്ച് അംഗമാണ്. കർഷക സംഘം ഏരിയാ പ്രസിഡന്റ്, കെ.എസ്.വൈ.എഫിന്റെ താലൂക്ക് കമ്മറ്റി പ്രസിഡന്റ്, ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. 12 വർഷം ചോറോട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.

മലയാളം ഭാഷാ പണ്ഡിറ്റ് ആയ അദ്ദേഹം മികച്ച പ്രഭാഷകനും കവിയുമാണ്. നിരവധി നാടകങ്ങൾക്ക് ഗാന രചന നിർവഹിക്കുകയും അഭിനയിക്കുകയും ചെയ്തു. ദേശാഭിമാനി സ്റ്റഡി സർക്കിൾ, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ താലൂക്ക് കമ്മറ്റി ഭാരവാഹിയായിരുന്നു. ചോറോട് ജനശക്തി തിയറ്റേഴ്സിന്റെ പ്രസിഡന്റാണ്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകനായിരുന്നു.

ഭാര്യ: രാധ (റിട്ടയേഡ് അധ്യാപിക ചെട്ട്യാത്ത് യു.പി സ്കൂൾ). മക്കൾ: ഹിരൺ (നിലമ്പൂർ ഐ.കെ.ടി.എച്ച്.എസ്സ്.എസ്സ് മലപ്പുറം), ഹസിത (ക്ലാർക്ക് സബ് രജിട്രാർ ഓഫീസ് കൊയിലാണ്ടി). മരുമക്കൾ: മോണിഷ (അദ്ധ്യാപിക നരേക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ, നിലമ്പൂർ),
സിനോജ് (എൽ & ടി ഇൻഷൂറൻസ് തൃശ്ശൂർ).
സഹോദരങ്ങൾ: കൗസു, ഭാസ്കരൻ (റിട്ട: സൂപ്രണ്ട് കെ.എസ്സ്.ഇ.ബി), സദാനന്ദൻ (റിട്ട: അഗ്രികൾച്ചർ ഓഫീസർ), അരവിന്ദൻ (റിട്ട: എ.എസ്.ഐ വടകര), രമണി. സംസ്കാരം വ്യാഴാഴ്ച പകൽ 9 ന് വീട്ട് വളപ്പിൽ നടക്കും.

Summary: CPM leader and ex Chorod Panchayat President TV Balan Master passes away