വിലങ്ങാടെ ഉരുൾപൊട്ടൽ ദുരിതബാധിതരും സമൃദ്ധമായി ഓണസദ്യയുണ്ണും; അരിയും വ്യഞ്ജനങ്ങളും ഉൾപ്പടെയുള്ള ഓണക്കിറ്റുമായി സിപിഎം ദുരിതമേഖലയിലെത്തി
വാണിമേൽ: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും ഭീതിയിൽ നിന്നും മോചിതരാവുന്നേയുള്ളൂ വിലങ്ങാടുകാർ. കൈത്തൊഴിൽ പോലും നഷ്ടപ്പെട്ട് സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ് ദുരിതബാധിതർ. ഇവർക്ക് ഓണസമ്മാനവുമായി ഇന്ന് സിപിഎം പ്രവർത്തകരെത്തി. വിലങ്ങാട് മേഖലയിലെ 500 കുടുംബങ്ങൾക്ക് അരിയും വ്യഞ്ജനങ്ങളും അടങ്ങിയ ഓണക്കിറ്റ് നൽകി.
നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓണക്കിറ്റുകൾ വിതരണം ചെയ്തത്. പന്നിയേരി ഉന്നതിയിൽ നടന്ന പരിപാടിയിൽ സിപിഎം ജില്ല സെക്രട്ടറി പി മോഹനൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി പി പി ചാത്തു അധ്യക്ഷനായി.
സിപിഎം ഏരിയ കമ്മിറ്റി അംഗം എ മോഹൻ ദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ കെ ഇന്ദിര, വാണിമേൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ ചന്ദ്രബാബു, പന്നിയേരി ഊര് മൂപ്പൻ വി സി കേളപ്പൻ, കെ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. വിലങ്ങാട് ലോക്കൽ സെക്രട്ടറി എൻ പി വാസു സ്വാഗതവും സാബു മുട്ടത്ത് കുന്നേൽ നന്ദിയും പറഞ്ഞു.