നൊച്ചാടെ അക്രമണ സംഭവങ്ങള്‍ക്ക് പിന്നില്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍, പ്രവര്‍ത്തകരുടെ വീടുകളും ഓഫീസുകളും ആക്രമിക്കപ്പെടുന്നതിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
പേരാമ്പ്ര: നൊച്ചാട് മേഖലയില്‍ സി.പി.എം-കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടതിന് പിന്നില്‍ നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.കുഞ്ഞമ്മദ് മാസ്റ്റര്‍. നൊച്ചാട് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റപ്പോഴും പാര്‍ട്ടി സംയമനം പാലിച്ചാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്ന് അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നാലും പ്രവര്‍ത്തകരുടെ വീടുകളും ഓഫീസുകളും ആക്രമിക്കപ്പെടുന്നതിനോട് സി.പി.എമ്മിന് യോജിക്കാന്‍ കഴിയില്ല. ആളുകള്‍ ഏറ്റവും സുരക്ഷിതമായി കരുതുന്ന ഇടങ്ങളാണ് അവരുടെ വീടുകള്‍. രാഷ്ട്രീയത്തെയോ സംഘട്ടനങ്ങളെ കുറിച്ചോ അറിയാത്ത കുട്ടികളും പ്രായമായവരുമെല്ലാം വീട്ടിലുണ്ട്. അവരേ ഇത്തരം വിഷയത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ പാടില്ല. അതേപോലെ ഓരോ പാര്‍ട്ടിയുടെയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലെ പ്രധാന കേന്ദ്രങ്ങളാണ് ഓഫീസുകള്‍. അവ തകര്‍ക്കപ്പെടുത്തതിനോടും പാര്‍ട്ടിക്ക് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന് മുന്നില്‍ പോലും നൊച്ചാട് കത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നയിടം വരെ കാര്യങ്ങളെത്തി നില്‍ക്കുന്നു. ഇരുട്ടിന്റെ മറവിലാണ് അക്രമ സംഭവങ്ങളരങ്ങേറിയത്. അക്രമണത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും നൊച്ചാടെ സമാധാനാന്തരീക്ഷം പഴയപടി നിലനിര്‍ത്തണമെന്നുമാണ് സി.പി.എമ്മിന്റെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി അക്രമണ സംഭവങ്ങളാണ് നൊച്ചാട് അരങ്ങേറിയത്. സി.പി.എം, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളും ഓഫീസുകളും കടകളും ആക്രമിക്കപ്പെട്ടു. പെട്രോള്‍ ബോംബാക്രമണവുമുണ്ടായി. പ്രദേശം സ്ഘര്‍ഷഭരിതമായി. നൊച്ചാടെ സമാധാനാന്തരീക്ഷം തിരികെ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.