‘മരണപ്പെട്ടാല്‍ മറവുചെയ്യാന്‍ ആറടിമണ്ണില്ലാത്തോര്‍ ഇവിടെ’ കൂരാച്ചുണ്ടില്‍ പൊതുശ്മശാനം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് സി.പി.എം


കൂരാച്ചുണ്ട്: കൂരച്ചുണ്ടില്‍ പൊതുശ്മശാനം നിര്‍മ്മിക്കാന്‍ ഉദാസീനത കാട്ടുന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് സി.പി.എം. ‘മരണപ്പെട്ടാല്‍ മറവുചെയ്യാന്‍ ആറടി മണ്ണില്ലാത്തോര്‍ ഇവിടെ’ എന്നു തുടങ്ങുന്ന മുദ്രാവാക്യം വിളിയോടെ സി.പി.എം പ്രവര്‍ത്തകര്‍ രാവിലെ പഞ്ചായത്ത് ഓഫീസ് വളയുകയും ഉപരോധിക്കുകയും ചെയ്തു.

ശ്മശാനം നിര്‍മ്മിക്കുന്നതിനായി എല്ലാവിധ അനുമതിയും മുന്‍ പഞ്ചായത്ത് ഭരണസമിതികള്‍ അടക്കം അംഗീകരിച്ച് പ്രവൃത്തി ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അക്കാര്യം മറച്ചുവെച്ച് പുതിയ പദ്ധതി തയ്യാറാക്കി കിഫ്ബി ഫണ്ട് ലഭ്യമാക്കണമെന്ന വ്യാജേന പദ്ധതി നടത്തിപ്പില്‍ കാലതാമസം വരുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സി.പി.എം ആരോപിക്കുന്നു.

ഭരണസമിതിയും ഉദ്യോഗസ്ഥരും പൊതുശ്മശാനം നിര്‍മ്മിക്കുന്നത് തടസപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്ന് പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. പഞ്ചായത്തിലെ നിര്‍ദിഷ്ട ശ്മശാന ഭൂമിയില്‍ ഗ്യാസ് ക്രിമറ്റോറിയം നിര്‍മ്മിക്കുന്നതിനായി ഹൈക്കോടതി ഉത്തരവുള്ളതാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.