12 വര്‍ഷക്കാലം ചോറോട് പഞ്ചായത്ത് പ്രസിഡണ്ട്, ഒരു മാസം മുമ്പ് വരെ പാര്‍ട്ടി പരിപാടികളില്‍ സജീവം; സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ് ടി.വി ബാലന്‍ മാസ്റ്റര്‍ക്ക്‌ ജന്മനാടിന്റെ യാത്രാമൊഴി


ചോറോട്: ചുറ്റിലും പ്രിയപ്പെട്ട നാട്ടുകാര്‍…അവര്‍ക്കൊപ്പം നൂറ് കണക്കിന് പ്രവര്‍ത്തകര്‍…സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍…സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവ്‌ ചോറോട് ഹൃദ്യയിൽ ടി.വി ബാലന്‍ മാഷിന് വിട നല്‍കി ജന്മനാട്. കഴിഞ്ഞ മാസം ബ്രാഞ്ച് സമ്മേളനത്തില്‍ വരെ സജീവമായിരുന്ന മാഷിന്റെ പെട്ടെന്നുള്ള വിയോഗം ആര്‍ക്കും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. അടുത്തിടെയായിരുന്നു അസുഖബാധിതനായത്. പിന്നാലെ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഇന്നലെയോടെ മരണം സംഭവിച്ചത്. ഇന്ന് രാവിലെ വീട്ടുവളപ്പില്‍ നടന്ന സംസ്‌കാര ചടങ്ങുകളില്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് പങ്കെടുത്തത്.

സി.പി.ഐ.എം മുൻ ഒഞ്ചിയം ഏരിയാ കമ്മറ്റിയംഗവും പ്രഭാഷകനും അധ്യാപക പ്രസ്ഥാനത്തിന്റെ ആദ്യ കാല സംഘാടകനുമായിരുന്ന മാഷ്‌ 12 വർഷം ചോറോട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. അക്കാലയളവിലെല്ലാം നാട്ടുകാരുടെ എല്ലാവിധ ആവശ്യങ്ങള്‍ക്കും അദ്ദേഹം മുന്നിലുണ്ടായിരുന്നു. മുട്ടുങ്ങല്‍ സൗത്ത് യു.പി സ്‌ക്കൂള്‍ അധ്യാപകനായിരുന്നു. വിമോചന സമരകാലത്ത്‌ വള്ളിക്കാട് റൈവല്‍ സ്‌ക്കൂള്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു. വള്ളിക്കാട് കുടികിടപ്പ് സമരകാലത്ത് സി.പി.ഐ.എം ചോറോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. 1962 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗമായ അദ്ദേഹം നിലവില്‍ ചോറോട് ബ്രാഞ്ച് അംഗമാണ്.

കർഷക സംഘം ഏരിയാ പ്രസിഡന്റ്, കെ.എസ്.വൈ.എഫിന്റെ താലൂക്ക് കമ്മറ്റി പ്രസിഡന്റ്, ജില്ലാ കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌. മലയാളം ഭാഷാ പണ്ഡിറ്റ് ആയ അദ്ദേഹം മികച്ച പ്രഭാഷകനും കവിയുമാണ്. നിരവധി നാടകങ്ങൾക്ക് ഗാന രചന നിർവഹിക്കുകയും അഭിനയിക്കുകയും ചെയ്തു. ദേശാഭിമാനി സ്റ്റഡി സർക്കിൾ, പുരോഗമന കലാസാഹിത്യ സംഘം എന്നിവയുടെ താലൂക്ക് കമ്മറ്റി ഭാരവാഹിയായിരുന്നു. ചോറോട് ജനശക്തി തിയറ്റേഴ്സിന്റെ പ്രസിഡന്റാണ്. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകനായിരുന്നു.

ഭാര്യ: രാധ (റിട്ട. അധ്യാപിക ചെട്ട്യാത്ത് യു.പി സ്കൂൾ). മക്കൾ: ഹിരൺ (നിലമ്പൂർ ഐ.കെ.ടി.എച്ച്.എസ്സ്.എസ്സ് മലപ്പുറം), ഹസിത (ക്ലാർക്ക് സബ് രജിട്രാർ ഓഫീസ് കൊയിലാണ്ടി).

മരുമക്കൾ: മോണിഷ (അദ്ധ്യാപിക നരേക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ, നിലമ്പൂർ), സിനോജ് (എൽ & ടി ഇൻഷൂറൻസ് തൃശ്ശൂർ).

സഹോദരങ്ങൾ: കൗസു, ഭാസ്കരൻ (റിട്ട: സൂപ്രണ്ട് കെ.എസ്സ്.ഇ.ബി), സദാനന്ദൻ (റിട്ട: അഗ്രികൾച്ചർ ഓഫീസർ), അരവിന്ദൻ (റിട്ട: എ.എസ്.ഐ വടകര), രമണി.

Description: CPIM’s senior leader TV Balan Mash’s cremation has been completed