കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധം ശക്തം; സി.പി.ഐ.എം വടകര ഏരിയ കാല്‍നട പ്രചാരണ ജാഥ ഉദ്ഘാടനം ഇന്ന്


വടകര: കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരായ ബഹുജന പ്രക്ഷോഭത്തിന്‌ മുന്നോടിയായുള്ള സി.പി.ഐ.എം ഏരിയാ കാൽനട പ്രചാരണ ജാഥകൾക്ക്‌ ഇന്ന് തുടക്കമാവും. കേരള ബദലിനെ തകർക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരായാണ്‌ ആദായനികുതി ഓഫീസിന്‌ മുന്നിൽ ‘കേന്ദ്ര അവഗണനയ്ക്കെതിരെ കേരളം’ മുദ്രാവാക്യമുയർത്തി ബഹുജന ഉപരോധം സംഘടിപ്പിക്കുന്നത്‌. 25ന് നടക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് ഉപരോധ സമരത്തിന്റെ പ്രചരണാര്‍ഥം വടകര ഏരിയ കാല്‍നട ജാഥ ഇന്ന് ആരംഭിക്കും.

ഏരിയ സെക്രട്ടറി ടി.പി ഗോപാലന്‍ നേതൃത്വം കൊടുക്കുന്ന ജാഥ വൈകീട്ട് അഞ്ച് മണിക്ക് മണിയൂര്‍ ലോക്കലിലെ അട്ടക്കുണ്ട് കടവില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. കെ.പുഷ്പജ ഉപലീഡറും ടി.സി രമേശന്‍ മാനേജരും പി.കെ ദിവാകരന്‍ പൈലറ്റുമായ ജാഥയ്ക്ക് 19,20,21 തീയതികളില്‍ വടകര ഏരിയയിലെ മണിയൂര്‍, തിരുവള്ളൂര്‍, വില്യാപ്പള്ളി, ആയഞ്ചേരി, വടകര നഗരസഭ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.

21ന് പുതുപ്പണം സൗത്ത് ലോക്കലിലെ അരവിന്ദഘോഷ് റോഡില്‍ ജാഥ സമാപിക്കും. സമാപന പൊതുയോഗത്തില്‍ കെ.കെ ദിനേശന്‍ സംസാരിക്കും. എസ്‌.കെ സജീഷ്‌ ക്യാപ്റ്റനായ പേരാമ്പ്ര ഏരിയാ ജാഥ 18ന്‌ മുതുകാട്ട്‌ സംസ്ഥാന കമ്മിറ്റി അംഗം പി.മോഹനൻ ഉദ്‌ഘാടനം ചെയ്യും.

Description: CPIM Vadakara area foot campaign march inaugurated today