സി.പി.ഐ.എം വടകര ഏരിയാ സമ്മേളനം: ഇന്ന് പതാകദിനം


വടകര: സി.പി.ഐ.എം വടകര ഏരിയാ സമ്മേളന പതാക ദിനം ഇന്ന്. രാവിലെ 10മണിക്ക് കേളു ഏട്ടന്‍ – പി.പി ശങ്കരന്‍ സ്മാരകത്തില്‍ ഏരിയാ സെക്രട്ടറി ടി.പി ഗോപാലന്‍ പതാക ഉയര്‍ത്തും.ഏരിയയിലെ 321 ബ്രാഞ്ച് കേന്ദ്രങ്ങളിലും 21 ലോക്കല്‍ കേന്ദ്രങ്ങളിലും പതാക ഉയര്‍ത്തല്‍ സംഘടിപ്പിക്കും. മേപ്പയിലെ ടി.കെ. കുഞ്ഞിരാമന്‍, എം.സി പ്രേമചന്ദ്രന്‍ നഗറില്‍ 26,27 തീയതികളിലാണ് ഏരിയാ സമ്മേളനം.

ശനിയാഴ്ച രാവിലെ ഒമ്പത് മണിക്ക് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 16നുള്ളില്‍ കോഴിക്കോട് ജില്ലയിലെ 16 ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തിയാകും. നവംബര്‍ 2,3 തീയതികളിലാണ് ഒഞ്ചിയം ഏരിയാ സമ്മേളനം. കൊയിലാണ്ടി നവംബര്‍ 9,10 തീയതികളിലും നാദാപുരം നവംബര്‍ 16,17 തീയതികളിലുമാണ് സമ്മേളനം.

ജനുവരി 29,30,31 തീയതികളിലായി വടകരയിലാണ് ജില്ലാ സമ്മേളനം നടക്കുക. സെപ്തംബറിലാണ് പാര്‍ടി സമ്മേളനങ്ങള്‍ തുടങ്ങിയത്. ജില്ലയിലെ 4345 ബ്രാഞ്ചുകളിലെ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബറില്‍ ലോക്കല്‍ സമ്മേളനങ്ങള്‍ ആരംഭിച്ചു. 269 ലോക്കല്‍ കമ്മിറ്റികളില്‍ ഭൂരിപക്ഷം സമ്മേളനങ്ങളും ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ വരുംദിവസങ്ങളില്‍ പൂര്‍ത്തിയാവും.

Description: CPIM Vadakara Area Conference: Today is Flag Day