ഇരുട്ടിന്റെ മറവില്‍ വീണ്ടും അക്രമണം; വില്ല്യാപ്പള്ളിയില്‍ സി.പി.ഐ.എം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നിർമിച്ച സംഘാടക സമിതി ഓഫീസും, കൊടികളും നശിപ്പിച്ച നിലയില്‍*


വടകര: സി.പി.ഐ.എം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച് നിർമിച്ച സംഘാടക സമിതി ഓഫീസും, കൊടികളും, കൊടി മരങ്ങളും, അജ്ഞാത സംഘം നശിപ്പിച്ച നിലയില്‍. വില്ല്യാപ്പള്ളി കണിയാംങ്കണ്ടി പാലത്തിന് സമീപം നിർമ്മിച്ച ഓഫീസും, കൊടികളും, കൊടിമരങ്ങളുമാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

സംഭവത്തിൽ വടകര പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ സി.പി.ഐ.എം വില്യാപ്പള്ളി ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ പ്രദേശത്ത് തീവെപ്പ്‌ നടന്നിരുന്നു. വില്യാപ്പള്ളി മൈകുളങ്ങരത്താഴെ, വിദ്യാർത്ഥി സംഘടനയായ ആർവൈജെഡി ഏകദിന ക്യാമ്പിനായി ഒരുക്കിയ പന്തലും, കസേരകളും തീ വെച്ച് നശിപ്പിച്ചത്‌. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ്‌ സംഭവം.150 ഓളം കസേരകളും തുണിപ്പന്തലും നിലത്ത് വിരിക്കാൻ കൊണ്ടുവന്ന കാര്‍പെറ്റുമാണ് തീവെച്ച് നശിപ്പിച്ചത്‌.

Description: CPI(M) organizing office and flags vandalized in villyappalli