സി.പി.ഐ.എം ഒഞ്ചിയം ഏരിയ സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം; നാളെ ചുവപ്പ്സേന മാർച്ചും പൊതുസമ്മേളനവും
അഴിയൂർ: സി.പി.ഐ.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ആവേശോജ്വലതുടക്കം. ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ ഇ.എം.ദയാനന്ദൻ നഗറിൽ ഇ.കെ നാരായണൻ പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളന നടപടികൾ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി.രാമകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
എൻ.ബാലകൃഷ്ണൻ, അബ്ദുൾ അസീസ് കോറോത്ത്, വിജില അമ്പലത്തിൽ, കെ.ഭഗീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. വി.പി.ഗോപാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും കെ.പി.ഗിരിജ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി.പി.ബിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി പി.മോഹനൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ സി.ഭാസ്കരൻ, കെ.കെ.ദിനേശൻ, എം.മെഹബൂബ്, കെ.കെ.മുഹമ്മദ്, പി.കെ.മുകുന്ദൻ തുടങ്ങിയവർ സമ്മേളത്തിൽ പങ്കെടുക്കുന്നു. സ്വാഗതസംഘം കൺവീനർ എം.പി.ബാബു സ്വാഗതം പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മേളന പ്രതിനിധികളുടെ പ്രകടനവും പുഷ്പാർച്ചനയും നടന്നു. പുണ്യ, വൈഷ്ണവി എന്നിവർ പതാക ഗാനം ആലപിച്ചു. സമ്മേളനം ഞായറാഴ്ച ചുവപ്പ് സേന മാർച്ചോടെയും ബഹുജന റാലിയോടെയും സമാപിക്കും. ചോമ്പാൽ മിനിസ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പി.മോഹനൻ, കെ.കെ.ദിനേശൻ, പ്രീത കൂത്ത്പറമ്പ് തുടങ്ങിയവർ സംസാരിക്കും.
Summary: CPIM Onchiyam Area Conference gets off to a rousing start; Red Sena march and general meeting tomorrow