കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയം ചുവപ്പണിഞ്ഞു; സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് പതാകയേറി
അഴിയൂർ: സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് പതാകയേറി. സമ്മേളന നഗരിയായ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ സ്വാഗതസംഘം ചെയർമാൻ പി ശ്രീധരൻ പതാക ഉയർത്തി. ഒഞ്ചിയം രക്ത സാക്ഷി സ്ക്വയറിൽ നിന്ന് ആർ ഗോപാലന്റെ നേതൃത്വത്തിലായിരുന്നു പതാക ജാഥ. രക്തസാക്ഷി മേനോൻ കണാരന്റെ മകൾ നാണി പതാക കൈമാറി.
ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി ശനി, ഞായർ ദിവസങ്ങളിലായി ചോമ്പാലിൽ നടക്കുന്ന ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്റെ പതാക – കൊടിമര-ദീപശിഖ ജാഥയെ പ്രവർത്തകർ ആവേശോജ്വലമായാണ് വരവേറ്റത്. സിപിഐഎം ഏരിയാ സെക്രട്ടറിയായിരുന്ന ഇ എം ദയാനന്ദന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് എൻ ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു കൊടിമര ജാഥ. ദയാനന്ദന്റെ ഭാര്യ കെ സീത കൊടി മരം കൈമാറി.
എസ്എഫ് ഐ നേതാവായിരുന്ന രക്തസാക്ഷി പി കെ രമേശന്റെ ബലികുടീരത്തിൽ നിന്ന് പി രാജന്റെ നേതൃത്വത്തിലുള്ള ദീപശിഖ, രമേശന്റെ സഹോദരൻ പികെ ചന്ദ്രൻ കൈമാറി. ഏരിയാ സെക്രട്ടറി ടി പി ബിനീഷ് സമേളന നഗരിയിൽ ദീപം ജ്വലിപ്പിച്ചു. കൺവീനർ എംപി ബാബു അധ്യക്ഷനായി, ലോക്കൽ സെക്രട്ടറി പി വി സുജിത് സംസാരിച്ചു.