അഴിയൂര്‍ -വെങ്ങളം ദേശീയപാത വികസന പ്രവൃത്തിയുടെ വേഗം കൂട്ടണം; സി.പി.ഐ.എം പയ്യോളി ഏരിയ സെക്രട്ടറിയായി എം.പി ഷിബുവിനെ തെരഞ്ഞെടുത്തു


പയ്യോളി: അഴിയൂര്‍ വെങ്ങളം ദേശീയപാത വികസന പ്രവൃത്തിയുടെ വേഗംകൂട്ടണമെന്ന് സി.പി.ഐ.എം പയ്യോളി ഏരിയ സമ്മേളനം. സിപിഐഎം പയ്യോളി ഏരിയ സെക്രട്ടറിയായി എം.പി ഷിബുവിനെ തെരഞ്ഞെടുത്തു. എം.പി ഷിബു, കെ. ജീവാനന്ദന്‍, വി ഹമീദ്, പി.എം വേണുഗോപാലന്‍, കെ.കെ മമ്മു, ടി. അരവിന്ദാക്ഷന്‍, സി.കെ ശ്രീകുമാര്‍, എസ്.കെ അനൂപ്, പി.വി മനോജന്‍ , എ.കെ ഷൈജു, എന്‍.ടി അബ്ദുറഹിമാന്‍, എന്‍.സി മുസ്തഫ, ടി. ഷീബ, പി. ജനാര്‍ദ്ദനന്‍, പി. അനൂപ് കുമാര്‍, സി.ടി അജയഘോഷ്, എം.പി അഖില, സി.വി ശ്രുതി, കെ. സത്യന്‍, കെ.ടി ലിഖേഷ്, ബിജു കളത്തില്‍ എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങള്‍.

അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള റീച്ചില്‍ നിര്‍മ്മാണ പ്രവര്‍ത്തനം ഏറെ മന്ദഗതിയിലാണ് നീങ്ങുന്നതെന്നും ഇതിന്റെ ഫലമായി ദേശീയപാത വഴിയുള്ളഗതാഗതം ഏറെ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. മഴവെള്ളം ഒഴുകിപോകാനുള്ള സംവിധാനം ഫലപ്രദമായി ഒരുക്കാത്തതിനാല്‍ റോഡ് മുഴുവന്‍ പുഴയായി മാറുകയാണ്. ദേശീയപാത അഴിയൂര്‍-വെങ്ങളം റീച്ചിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ വേഗം കൂട്ടി പണി പൂര്‍ത്തീകരിക്കണമെന്നും സമ്മേളനം എന്‍. എച്ച് അധികാരികളോട് ആവശ്യപ്പെട്ടു.

കൂടാതെ നന്തി റെയില്‍വേ ട്രാക്ക് ക്രോസിങ്ങ് വഴി അടച്ചുപൂട്ടുന്നത് അവസാനിപ്പിക്കുക, പയ്യോളി റെയില്‍വേ സ്റ്റേഷന്‍ വികസനം ഉറപ്പാക്കുക, മേലടി സി.എച്ച്‌സിയില്‍ കിടത്തി ചികിത്സ ആരംഭിക്കുക, കൊളാവിപ്പാലത്ത് പുളിമുട്ട് നിര്‍മ്മിക്കുക, അയനിക്കാട് കുറ്റിയില്‍ പീടികയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കുക, മേപ്പയൂര്‍-പള്ളിക്കര വഴി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് റൂട്ട് പുന:സ്ഥാപിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

ചര്‍ച്ചയ്ക്ക് ഏരിയ സെക്രട്ടറി എം.പി ഷിബുവും പൊതു ചര്‍ച്ചക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി രാമകൃഷ്ണനും മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ലതിക, ജില്ലാ സെക്രട്ടറി യേറ്റ് അംഗങ്ങളായ കെ.കെ ദിനേശന്‍, കെ.കെ മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.കുഞ്ഞമ്മദ്, പി. വിശ്വന്‍, കെ. ദാസന്‍, കാനത്തില്‍ ജമീല എംഎല്‍എ, ഡി. ദീപ എന്നിവര്‍ സംസാരിച്ചു. സുരേഷ് ചങ്ങാടത്ത് ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.