സി.പി.ഐ ഇരുപത്തിയഞ്ചാം പാര്‍ട്ടി കോണ്‍ഗ്രസ്; വടകര മണ്ഡലം സമ്മേളനം 19,20 തീയതികളില്‍ ഓർക്കാട്ടേരിയിൽ


ഓർക്കാട്ടേരി: സെപ്തംബര്‍ 21 മുതൽ 25 വരെ ചണ്ഡീഗഡിൽ നടക്കുന്ന സി.പി.ഐ ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസ്സിന്റെ മുന്നോടിയായുള്ള വടകര മണ്ഡലം സമ്മേളനം ഏപ്രിൽ 19, 20 തീയ്യതികളില്‍ ഓർക്കാട്ടേരിയിൽ നടക്കും. 19ന് കാനം രാജേന്ദ്രൻ നഗറിൽ കച്ചേരി മൈതാനിയിൽ സി.പി.ഐ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി കമ്മ്യൂണിസ്റ്റ് സംഗമം വൈകിട്ട് 5 മണിക്ക് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ആനി രാജ ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി എൻ.എം ബിജു അധ്യക്ഷത വഹിക്കും.

പഴയകാല പ്രവർത്തകരും പോരാളികളുമായ 35 സഖാക്കളെ സംഗമത്തിൽ ജില്ലാ സെക്രട്ടറി കെ.കെ ബാലൻ മാസ്റ്റർ ആദരിക്കും. സമ്മേളനത്തോട് അനുബന്ധമായി പ്രസിദ്ധീകരിക്കുന്ന സോവനീറിന്റെ പ്രകാശനം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു നിർവഹിക്കും. ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ.സത്യൻ പ്രസംഗിക്കും.

സ്വാഗത സംഘം ചെയർമാൻ ഇ.രാധാകൃഷ്ണൻ സ്വാഗതം പറയും. തുടർന്ന് കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം അരങ്ങേറും. ഏപ്രിൽ 20ന് ഞായറാഴ്ച വി.ആർ രമേശ് നഗറിൽ കാലത്ത് 9.30ന് ഓർക്കാട്ടേരി കമ്യൂണിറ്റിഹാളിൽ മുതിർന്ന പാർട്ടി നേതാവ് കെ.ഗംഗാധരകുറുപ്പ് പതാക ഉയർത്തും. മുൻ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ എം.എല്‍.എ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

മണ്ഡലം സെക്രട്ടറി എൻ.എം ബിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സമ്മേളനത്തിൽ പാർട്ടി നേതാക്കളായ ഇ.കെ വിജയൻ എം.എല്‍.എ, കെ.കെ ബാലൻ, ടി.കെ രാജൻ, പി ഗവാസ്, പി സുരേഷ് ബാബു, ആർ സത്യൻ, അജയ് ആവള തുടങ്ങിയവര്‍ പ്രസംഗിക്കും. സ്വാഗത സംഘം ജനറൽ കൺവീനർ ഒ.എം അശോകൻ സ്വാഗതം പറയും.

ലോക്കൽ സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപെട്ട പ്രതിനിധികളും മണ്ഡലം കമ്മിറ്റി അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ഉൾപ്പെടെ 135 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ചെയർമാൻ ഇ രാധാകൃഷ്ണനും ജനറൽ കൺവീനർ ഒ.എം അശോകനും അറിയിച്ചു.

Description: CPI Vadakara Mandal Conference to be held on 19th and 20th at Orkattery