എന്‍.എച്ച്‌ നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂ൪ത്തീകരിക്കുക; സി.പി.ഐ ഒഞ്ചിയം ലോക്കൽ സമ്മേളനം


ഒഞ്ചിയം: നാഷണൽ ഹൈവേയിലെ നിർമ്മാണ ജോലികൾ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന്‌ സി.പി.ഐ ഒഞ്ചിയം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. എന്‍.എച്ച്‌ നവീകരണ പ്രവൃത്തികൾ മന്ദഗതിയിലായത് റോഡ് ഗതാഗതം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണ്‌. സ്ഥിരമായുള്ള ഗതാഗത തടസ്സങ്ങൾ രോഗികളുമായി പോകുന്ന വാഹനങ്ങൾ പോലും താമസിച്ചെത്തുന്നത് മതിയായ ചികിത്സ തക്കസമയത്ത് നൽകാൻ കഴിയാതെ വരുന്നുണ്ട്. മറ്റു സ്ഥലങ്ങളിൽ ജോലികൾ കഴിഞ്ഞ് ഗതാഗതത്തിന് തുറന്നു കൊടുക്കുമ്പോൾ അഴിയൂർ മുതലുള്ള ഭാഗത്തും സമയബന്ധിതമായി പൂ൪ത്തീകരിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇരുപത്തിയഞ്ചാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി നടക്കുന്ന പ്രതിനിധി സമ്മേളനം കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ നഗറിൽ കെ.വി കുമാരൻ പതാക ഉയര്‍ത്തി തുടക്കം കുറിച്ചു.

കെ.രജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി.ഐ ജില്ലാ നി൪വ്വാഹക സമിതി അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തുകൊണ്ട് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ അഡ്വ.ഒ ദേവരാജ് സ്വാഗതം പറഞ്ഞു. യോഗത്തിൽ ആ൪.സത്യ൯, എ൯.എ൦ ബിജു, രാധാകൃഷ്ണൻ, പി.കെ സതീശ൯, പി.സജീവ൯, കെ.ജയപ്രകാശ്, സന്തോഷ് കുമാ൪, ഉത്തമ൯, അശോകൻ കക്കാട്ട്, കുമാര൯ മടപ്പള്ളി എന്നിവർ സംസാരിച്ചു. രക്തസാക്ഷി പ്രമേയ൦ ബാബു കക്കാട്ടു൦ അനുശോചന പ്രമേയം കെ.പി രമേശനു൦ പ്രവ൪ത്തന റിപ്പോർട്ടു൦ കണക്കു൦ ലോക്കൽ സെക്രട്ടറി വി.പി രാഘവനു൦ അവതരിപ്പിച്ചു.

സമ്മേളനത്തോട് അനുബന്ധിച്ച് സുജീന്ദ്ര൯ നഗറിൽ നടന്ന പൊതു സമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ആ൪.ശശി, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജന്മശതാബ്ദി എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വി.പി രാഘവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ൯.ബാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോൺ കലോത്സവത്തിൽ കവിത രചനയ്ക്ക് ഒന്നാം സമ്മാനം ലഭിച്ച അനിവേദ.എ.ആറിനു൦ സംസ്ഥാന ഹയർ സെക്കണ്ടറി ഗണിത ശാസ്ത്രോത്സവത്തിൽ പ്രൊജക്റ്റിൽ എ പ്ലസ്സ് നേടിയ നിഹാര.കെ.കെയ്ക്കു൦ ജില്ല കമ്മിറ്റി അംഗം ആ൪.സത്യ൯ ഉപഹാരം നൽകി അനുമോദിച്ചു.

ഒഞ്ചിയം പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ സ്ഥിര൦ ആരോഗ്യ പ്രവർത്തകരെ നിയമിക്കുക, നാദാപുരം റോഡിലും മുക്കാളിയിലു൦ ട്രെയിനുകൾക്ക് നേരത്തെ ഉണ്ടായിരുന്ന സ്റ്റോപ്പ് പുന;സ്ഥാപിക്കുക, മടപ്പള്ളി ഗവൺമെന്റ് കോളേജുൾപ്പടെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പരമ്പരാഗത കോഴ്സുകൾക്ക് കാലാനുസൃതമായ സിലബസ് പരിഷ്കരണം നടത്തുക, ഒഞ്ചിയം മൃഗാശുപത്രിക്ക് സ്വന്തം കെട്ടിടം പണിയണമെന്നു൦ സമ്മേളനം ആവശ്യപ്പെട്ടു.

ലോക്കൽ സെക്രട്ടറിയായി കെ.രജിത് കുമാറിനെയു൦ അസിസ്റ്റന്റ് സെക്രട്ടറിയായി അഡ്വ.ദേവരാജിനെയു൦ സമ്മേളനം തെരഞ്ഞെടുത്തു. ഏപ്രിൽ 19,20 തിയ്യതികളിൽ ഓ൪ക്കാട്ടേരിയിൽ നടക്കുന്ന വടകര മണ്ഡല൦ സമ്മേളന പ്രതിനിധികളെയു൦ തെരഞ്ഞെടുത്ത്‌ സമ്മേളനം സമാപിച്ചു.

Description: CPI Onchiyam local conference