കേരളത്തോടുള്ള കേന്ദ്രസർക്കാർ അവഗണന ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളി; കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി സിപിഐ ജില്ലാ കൗൺസിൽ
കോഴിക്കോട്: വയനാട് ദുരന്തം ദേശീയ പരിഗണന അർഹിക്കുന്നതല്ലെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിനെതിരെ സിപിഐ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തി. കോഴിക്കോട് മുതലക്കുളം കേന്ദ്രീകരിച്ച് ആരംഭിച്ച മാർച്ച് ആദായനികുതി ഓഫീസ് പരിസരത്ത് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.
കേരളത്തോടുള്ള കേന്ദ്രസർക്കാർ അവഗണന നമ്മുടെ ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് സത്യൻ മൊകേരി പറഞ്ഞു. ഭരണപരമായ ബാധ്യത നിർവ്വഹിക്കുന്നതിൽ നിന്നും കേന്ദ്രം പിറകോട്ടുപോവുകയാണ്. യനാട് ദുരന്തത്തിനുശേഷം പ്രകൃതി ദുരന്തം നേരിട്ട ബീഹാറിനും ആന്ധ്രയ്ക്കും തെലങ്കാനയ്ക്കുമെല്ലാം മുൻകൂറായി സഹായമെത്തിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടുണ്ട്. എന്നാൽ താരതമ്യേന വലിയ ദുരന്തം നേരിട്ട വയനാടിനെ പാടെ അവഗണിച്ചെന്നും തങ്ങൾക്ക് ഇഷ്ടമല്ലാത്ത സംസ്ഥാനങ്ങളോട് വൈരാഗ്യ ബുദ്ധിയോടെ പെരുമാറുകയാണ് കേന്ദ്ര സർക്കാറെന്നും അദ്ധേഹം പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ അധ്യക്ഷനായി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം, ഇ കെ വിജയൻ എംഎൽഎ, ടി കെ രാജൻ, അഡ്വ. പി ഗവാസ്, പി കെ നാസർ എന്നിവർ സംസാരിച്ചു. മാർച്ചിന് ആർ ശശി , പി സുരേഷ് ബാബു , പി കെ കണ്ണൻ , രജീന്ദ്രൻ കപ്പള്ളി , ചൂലൂർ നാരായണൻ ,ആർ സത്യൻ, ഇ സി സതീശൻ എന്നിവർ നേതൃത്വം നൽകി.