മാധ്യമ പ്രവര്‍ത്തകനും ചെറുവണ്ണൂര്‍ സ്വദേശിയുമായ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമിനും വഫയ്ക്കും കോടതിയില്‍നിന്ന് അനുകൂല വിധി, നരഹത്യ വകുപ്പ് ഒഴിവാക്കി, വാഹന അപകട കേസായി മാത്രം വിചാരണ


തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ മനഃപൂര്‍വമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കി. ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് നരഹത്യാക്കുറ്റത്തില്‍നിന്ന് കോടതി ഒഴിവാക്കിയത്. കേസിലെ പ്രതികളായ രണ്ടുപേരും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്.

അതേസമയം, മനഃപൂര്‍വമല്ലാത്ത നരഹത്യ, മദ്യപിച്ച് വാഹനമോടിച്ചു, അലക്ഷ്യമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ മാത്രമേ ശ്രീറാമിനെതിരേ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. രണ്ടാംപ്രതിയായ വഫ ഫിറോസിനെതിരേ മോട്ടോര്‍ വാഹന നിയമത്തിലെ കുറ്റം മാത്രമേ നിലനില്‍ക്കുകയുള്ളൂവെന്നും കോടതി പറഞ്ഞു. കേസിന്റെ വിചാരണ സെഷന്‍സ് കോടതിയില്‍നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു. ജൂലായ് 20-ന് പ്രതികള്‍ വിചാരണയ്ക്കായി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തനിക്കെതിരേ ചുമത്തിയ നരഹത്യാക്കുറ്റം നിലനില്‍ക്കില്ല, താന്‍ മദ്യപിച്ച് വാഹനമോടിച്ചിട്ടില്ല തുടങ്ങിയ വാദങ്ങള്‍ ഉന്നയിച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്. ബഷീറിനെ തനിക്ക് മുന്‍പരിചയമില്ലെന്നും അതിനാല്‍ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാദം നിലനില്‍ക്കില്ലെന്നുമായിരുന്നു ശ്രീറാം കോടതിയില്‍ പറഞ്ഞത്. ശ്രീറാമിനോട് അമിതവേഗത്തില്‍ വാഹനമോടിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് വഫയും കോടതിയില്‍ വാദിച്ചിരുന്നു.

എന്നാല്‍ രണ്ടുപ്രതികളുടെയും വാദങ്ങളെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. സംഭവത്തിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ വൈദ്യപരിശോധന വൈകിപ്പിച്ചതും ആദ്യഘട്ടത്തില്‍ വഫയാണ് വാഹനമോടിച്ചതെന്ന മൊഴി നല്‍കിയതും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബഷീര്‍ കേസ് വാഹനാപകട കേസായി മാത്രം പരിഗണിക്കാനുള്ള അഡി. സെഷന്‍സ് കോടതി ഉത്തരവിനെതിരെ അപ്പില്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. ഉത്തരവിന്റെ വിശദാംശങ്ങള്‍ ലഭിച്ചശേഷം ഹൈക്കോടതിയെ സമീപിക്കും.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ് ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം.

summary: court acquits accused in case of the death of journalist KM Basheer