78 -ാം സ്വാതന്ത്ര്യ ദിനാഘോഷം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയർത്തി, ഈ വർഷത്തെ ആഘോഷം വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കി
ദില്ലി: 78 -ാം സ്വാതന്ത്ര്യ ദിനാഘോഷ രഹരിയിൽ മുങ്ങി രാജ്യം. ഇന്ന് രാവിലെ ഏഴരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ശേഷം ചെങ്കോട്ടയിൽ നിന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. കർഷകർ , സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേർ ഇത്തവണ ചടങ്ങുകൾക്ക് വിശിഷ്ടാതിഥികളായി എത്തിയിരുന്നു.വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം.
പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും രാജ്യ തലസ്ഥാനത്തെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നുണ്ട് . കര നാവിക വ്യോമസേനകൾ, ദില്ലി പൊലീസ്, എൻ സി സി, എൻ എസ് എസ് ഉൾപ്പെടെ വിവിധ വിഭാഗങ്ങളും ആഘോഷങ്ങളുടെ ഭാഗമാകും. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നോടിയായി ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധയിടങ്ങളിൽ റാലികൾ നടന്നു.
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ വീരമൃത്യുവരിച്ച ധീരദേശാഭിമാനികളായ ആയിരങ്ങളുടെ വീരസ്മരണങ്ങൾ അനുസ്മരിക്കുന്ന ദിനംകൂടിയാണ് ഇന്ന്. അഹിംസയും സത്യാഗ്രഹവും സമാധാനവുമായിരുന്നു നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ കാതൽ. ഒരു രാഷ്ട്രമാകാൻ ഒരിക്കലും സാധിക്കില്ലെന്ന് പാശ്ചാത്യ ശക്തികൾ വിധിയെഴുതിയ ഇന്ത്യ ഇന്ന് അതിശക്തമായ ജനാധിപത്യരാഷ്ട്രമായി മാറിക്കഴിഞ്ഞു. ഇന്ത്യയെന്ന ആശയവും നാം ഒന്നാണെന്ന ബോധ്യവും ഇനിയും ഏറെ മുന്നോട്ടു നയിക്കട്ടെ. എല്ലാ വായനക്കാർക്കും വടകര ഡോട് ന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകൾ.