സീതാറാം യെച്ചൂരിക്ക് വിട നൽകി രാജ്യം; ഭൗതിക ശരീരം ദില്ലി എയിംസിന് കൈമാറി


ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട നൽകി രാജ്യം. ഭൗതിക ശരീരം വൈദ്യപഠനത്തിനായി ദില്ലി എയിംസിന് കൈമാറി. എകെജി ഭവനിൽ നിന്ന് വിലാപയാത്രയായിട്ടാണ് മൃതദേഹം എയിംസിലേക്കെത്തിച്ചത്. വൈകുന്നേരം 3.30 യോടെ വിലാപയാത്ര ആരംഭിച്ചു. വൈകിട്ട് 5 മണിയോടെയാണ് യെച്ചൂരിയുടെ ഭൗതിക ശരീരം ദില്ലി എയിംസിന് കൈമാറിയത്.

ദില്ലി എകെജി ഭവനിൽ നടത്തിയ പൊതുദർശനത്തിൽ നിരവധി നേതാക്കൾ യെച്ചൂരിക്ക് ആദരാജ്ഞലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. സോണിയ ഗാന്ധി, ശരദ് പവാർ, സിസോദിയ, അഖിലേഷ് യാദവ് എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയ കക്ഷി നേതാക്കൾ യെച്ചൂരിക്ക് അന്ത്യാജ്ഞലി അർപ്പിച്ചു. എയിംസിലേക്കുള്ള വിലാപയാത്രയിലും നേതാക്കളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു.

ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി സ്വദേശിയായ സീതാറം യെച്ചൂരി 1952 ഓഗസ്റ്റ് 12-ന് മദ്രാസിലാണ് ജനിച്ചത്.