നരിക്കുനിയില്‍ കള്ളനോട്ട് വിതരണ സംഘം പിടിയില്‍; അറസ്റ്റിലായത് ഒരു യുവതിയടക്കം നാലുപേര്‍
കൊടുവള്ളി: നരിക്കുനിയില്‍ കള്ളനോട്ട് കൈമാറിയ സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസ്. താമരശ്ശേരി കത്തറമ്മല്‍ സ്വദേശി മുര്‍ഷിദ്, മണ്ണാര്‍ക്കാട് സ്വദേശിനി ഹുസ്ന, കൊടുവള്ളി ആവിലോറ സ്വദേശി മുഹമ്മദ് ഷഫീഖ്, താമരശ്ശേരി കുടുക്കിലുമ്മാരം അമ്പായക്കുന്ന് മുഹമ്മദ് ഇയാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. സംഘത്തില്‍പ്പെട്ട മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
കൊടുവള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നരിക്കുനി ടൗണില്‍ മൊബൈല്‍ ഹബ് എന്ന കടയില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനായി യുവതി കൊടുത്തു വിട്ട 500 രൂപയുടെ 30 നോട്ടുകളിലാണ് 14 കള്ളനോട്ടുകള്‍ കണ്ടെത്തിയത്. പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കടയില്‍ എത്തിയ ആള്‍ സ്ഥലം വിട്ട ശേഷമായിരുന്നു നോട്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് കടയുടമ മുഹമ്മദ് റയീസ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കള്ളനോട്ട് ശ്രദ്ധയില്‍പ്പെട്ട ഉടനെ തനിക്ക് ലഭിച്ച തുകയില്‍ 7000 രൂപ വ്യാജ നോട്ടുകളാണെന്ന വിവരം പണം അയക്കാന്‍ എത്തിയവരെ ഫോണില്‍ വിളിച്ച് അറിയിച്ചതോടെ പ്രതികള്‍ കടക്കാരന് ഉടന്‍ ആ തുക അയച്ചുകൊടുത്തു.
ഇതോടെ ഇതിന് പിന്നില്‍ വന്‍ കള്ളനോട്ട് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കടയുടമ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 4 പേരെ അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും കൂടുതല്‍ കള്ളനോട്ടുകള്‍ പിടികൂടിയിട്ടുണ്ട്.