കാന്താരയിലെ ‘വരാഹരൂപം’ ഗാനവുമായി ബന്ധപ്പെട്ട വിവാദം; ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി


കോഴിക്കോട്: ‘കാന്താര’ സിനിമയിലെ വരാഹരൂപം ഗാനത്തിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി ചോദ്യം ചെയ്യലിന് ഹാജരായി. കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഋഷഭ് ഷെട്ടിക്ക് പുറമേ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂരും ചോദ്യം ചെയ്യലിന് എത്തിയിട്ടുണ്ട്.

കേസില്‍ നേരത്തെ ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ കോഴിക്കോട്ടെത്തിയത്. ഡി.സി.പി. കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരുടെ മൊഴി എടുത്തു.

തൈക്കുടം ബ്രിഡ്ജ് നല്‍കിയ പരാതിയിലാണ് ചോദ്യം ചെയ്യല്‍. തൈക്കുടം ബ്രിഡ്ജ് തയ്യാറാക്കിയ ‘നവരസം’ എന്ന ഗാനത്തിന്റെ പകര്‍പ്പാണ് ‘കാന്താര’ സിനിമയിലെ ‘വരാഹരൂപം എന്ന പാട്ട് എന്നായിരുന്നു പരാതി.

തിങ്കളാഴ്ചയും ഋഷഭ് ഷെട്ടി ചോദ്യം ചെയ്യലിന് ഹാജരാവും. പൃഥ്വിരാജ് ഉള്‍പ്പടെ കേരളത്തിലെ വിതരണക്കാരും ചോദ്യം ചെയ്യലിന് ഹാജരാവും. തിങ്കളാഴ്ച ഋഷഭ് ഷെട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

വരാഹരൂപം എന്ന ഗാനം ഉള്‍പ്പെടുത്തി കാന്താര സിനിമ പ്രദര്‍ശിപ്പിക്കുന്നത് വിലക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. അതേസമയം പകര്‍പ്പവകാശം ലംഘിച്ചെന്ന കേസില്‍ കാന്താരയുടെ നിര്‍മാതാവിനും സംവിധായകനുമെതിരെ അന്വേഷണം തുടരാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു.

പകര്‍പ്പവകാശം ലംഘിച്ചാണ് വരാഹരൂപമെന്ന പാട്ട് കാന്താര എന്ന സിനിമയില്‍ ഉപയോഗിച്ചതെന്ന കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ഈ ഉത്തരവിലെ വ്യവസ്ഥകളിലാണ് ആ പാട്ട് ഉള്‍പ്പെടുത്തിയുള്ള സിനിമയുടെ പ്രദര്‍ശനം ഹൈക്കോടതി തടഞ്ഞത്. ഇതിനെതിരായ ഹരജിയിലാണ് സുപ്രിംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.