നാദാപുരം താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ നിയമന വിവാദം; സമരത്തിനൊരുങ്ങി കെജിഎംഒ, നവംബർ 10 മുതൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഉൾപ്പടെയുള്ള സേവനങ്ങൾ നിർത്തിവയ്ക്കും
നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ നിയമന വിവാദവുമായി ബന്ധപ്പെട്ട് സമരത്തിനൊരുങ്ങി കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ) . അത്യാഹിത വിഭാഗം ഉൾപ്പെടെ സ്തംഭിപ്പിച്ച് സമരം ചെയ്യാനാണ് തീരുമാനം. ഔദ്യോഗിക ചുമതലകൾ നിർവ്വവഹിക്കാൻ സൂപ്രണ്ടിനെ അനുവദിക്കുക, യോഗ്യതയുള്ള സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിച്ച് ആശുപത്രിയിലെ ജീവനക്കാർക്ക് മതിയായ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സമരം.
നവംബർ 10 മുതൽ അത്യാഹിത വിഭാഗം ഉൾപ്പെടെയുള്ള സേവനങ്ങൾ നിർത്തി വെച്ച് പ്രതിഷേധിക്കാൻ സംഘടന തീരുമാനിച്ചു. നിയമലംഘനം നടത്തി യോഗ്യത ഇല്ലാത്ത സ്വന്തക്കാരെ ആശുപത്രിയിൽ തിരുകിക്കയറ്റാൻ ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് കെജിഎംഒഎയുടെ നേതൃത്വത്തിൽ ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച യോഗത്തിലാണ് തീരുമാനം. യോഗം സംസ്ഥാന പ്രസിഡന്റ് ഡോ.ടി.എൻസുരേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഡോ. വിപിൻ വർക്കി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.മുരളീധരൻ, ജില്ലാ സെക്രട്ടറി ഡോ. അഫ്‌സൽ സി കെ, ഡോ ജമീൽ ഷാജർ, ഡോ പി.എസ് സുനിൽ കുമാർ, ഡോ.എം.എ ഷാരോൺ, ഡോ. സരള നായർ, ഡോ. സലീമ പി, ഡോ.ഷീബ ടി. ജോസഫ്, ഡോ. സന്ധ്യ കുറുപ്പ്, തുടങ്ങിയവർ സംസാരിച്ചു.