കട്ടിലമൂഴി വിസിബിയുടെ നിർമ്മാണ പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കും:കുറ്റ്യാടി എംഎൽഎ കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്ററുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി


കുറ്റ്യാടി: കട്ടിലമൂഴി വിസിബിയുടെ നിർമ്മാണ പ്രവർത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. വിസിബിയുടെ പുനർനിർമ്മാണ പ്രവർത്തിയുടെ പുരോഗതി സംബന്ധിച്ച കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റര്‍ എംഎൽഎ നിയസഭയിൽ ഉന്നയിച്ച ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.

കൃഷിക്ക് ജലത്തിന്റെ അളവ് ക്രമീകരിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ഇതിനായി വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ചിട്ടുള്ളതായിരുന്നു കട്ടില മൂഴി വിസിബി. എന്നാൽ കാലപ്പഴക്കം കൊണ്ട് വിസിബി തകരാറിലായത് കാരണം ഈ പ്രദേശത്തെ കൃഷിക്കാർ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ജലവിഭവകുപ്പ് 50 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.

കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കട്ടിലമൂഴി വിസിബിയുടെ പുനർനിർമ്മാണ പ്രവർത്തി 90% പൂർത്തീകരിച്ചതായി മന്ത്രി നിയമസഭയിൽ അറിയിച്ചു. പഴയ വിസിബി പൊളിച്ച് പുതിയ വിസിബി നിർമ്മാണം, എഫ് ആർ പി ഷട്ടർ ,തോടിൻ്റെ ഇരുകരകളിലുമായി 80 മീറ്റർ നീളത്തിലും 2.5 മീറ്റർ ഉയരത്തിലും കരിങ്കൽ ഭിത്തി നിർമ്മാണം, 10മീറ്റർ കോൺക്രീറ്റ് ഭിത്തി നിർമ്മാണം തുടങ്ങിയ പ്രവർത്തികളാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.

കാലാവസ്ഥ അനുകൂലമാണെങ്കിൽ 2024 ജൂലൈ 31നു മുൻപായി പ്രസ്തുത പ്രവർത്തി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് ബഹുമന്ത്രി നിയമസഭയിൽ എൻറെ ചോദ്യത്തിന് ഉത്തരമായി അറിയിച്ചു.മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തി നടന്നുവരുന്നത്.