വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോപ്ലക്സ് നിർമാണം അവസാനഘട്ടത്തിലേക്ക്; അടുത്തമാസം കെട്ടിടം നാടിന് സമർപ്പിക്കാനുള്ള ഒരുക്കത്തിൽ അധികൃതർ
വടകര : വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോപ്ലക്സ് കെട്ടിട നിർമാണം അവസാന ഘട്ടത്തിലേക്ക്. അടുത്തമാസം കെട്ടിടം നാടിന് സമർപ്പിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഒന്നാം നിലയുടെ പണി ചെറിയൊരു ശതമാനം മാത്രമേ പൂർത്തിയാകാൻ ബാക്കിയുള്ളൂ. 7212.62 മീറ്റർ സ്ക്വയർ വിസ്തൃതിയിലുള്ളതാണ് കെട്ടിടം.
കെ.യു.ആർ.ഡി.എഫ്.സി.യിൽ നിന്നും 9 കോടി 16 ലക്ഷം രൂപ വായ്പ ലഭ്യമാക്കിയാണ് നഗരസഭ ഓഫിസ് കം ഷോപ്പിങ് കോപ്ലക്സ് നിർമ്മിച്ചത്. . ആധുനീക സുരക്ഷാ സംവിധാനം ഉൾപെടെ കെട്ടിടത്തിൽ ഒരുക്കുന്നുണ്ട്. നെറ്റ് സീറോ കാർബൺ പദ്ധതിക്ക് അനുസൃതമായി ഗ്രീനറി സംവിധാനത്തിലാണ് യാർഡ് ഒരുക്കുന്നത്.
53 കടമുറികളാണ് കെട്ടിടത്തിലുള്ളത്. ഇതിൽ ലേലത്തിൽ പോയത് 11 എണ്ണം മാത്രമാണ്. പലതവണ ഓഫർ നൽകി കെട്ടിടത്തിലെ മുറികൾ ലേലത്തിന് വച്ചിരുന്നെങ്കിലും ഉയർന്ന ഡെപ്പോസിറ്റും വാടകയും കാരണം ആരും കടമുറികൾ ലേലത്തിൽ എടുത്തില്ല. അവസാന ഓഫറിലാണ് 11 എണ്ണം ലേലത്തിൽ പോയത്.
നഗരസഭയുടെ സ്വപ്ന പദ്ധതിയായ നഗരസഭ ഓഫീസ് കം ഷോപ്പിങ് കോപ്ലക്സ് മുഖ്യമന്ത്രിയുടെ 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി നവമ്പറിൽ നാടിന് സമർപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ പല വിധ കാരണങ്ങളാൽ പ്രവർത്തി നീണ്ടുപോയതിനാൽ അത് നടന്നില്ല.