‘ഉദ്ദേശിച്ചരീതിയില്‍ സാമ്പത്തികസമാഹരണം നടന്നില്ല, പിന്നില്‍ രാഷ്ട്രീയതാത്പര്യങ്ങളുണ്ടോയെന്നും സംശയം’; പേരാമ്പ്രയിലെ ഭവന നിർമ്മാണ അഴിമതി ആരോപണത്തിൽ പ്രതികരണവുമായി കമ്മിറ്റി ഭാരവാഹികൾ


പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 16 ാം വാര്‍ഡില്‍ തൊണ്ടികറ്റിയാട്ട് സന്തോഷിന്റെ കുടുംബത്തിന് വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനെന്ന് ഭവനനിര്‍മ്മാണ കമ്മിറ്റി. പത്രസമ്മേളനത്തില്‍ വീട്ടുകാര്‍ ഉന്നയിച്ച പരാതി ഭാരവാഹികളെ അപമാനിക്കുന്നതാണെന്നും ആരോപണങ്ങള്‍ക്കുപിന്നില്‍ രാഷ്ട്രീയതാത്പര്യങ്ങളുണ്ടോ എന്ന് സംശയിക്കണമെന്നും നിര്‍മാണകമ്മിറ്റി ചെയര്‍മാനും പഞ്ചായത്തംഗവുമായ
അര്‍ജുന്‍ കറ്റയാട്ടും കണ്‍വീനര്‍ ടി. ചിത്ര രാജനും പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഉദ്ദേശിച്ചരീതിയില്‍ സാമ്പത്തികസമാഹരണം മുന്നോട്ടുപോകാത്തതിനാല്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വൈകിയത്.
എത്രയുംവേഗം വീടിന്റെ മുടങ്ങിക്കിടക്കുന്ന കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കാനാണ് കമ്മിറ്റിയുടെ തീരുമാനമെന്നും ആക്ഷേപമുയര്‍ത്തിയ സാഹചര്യത്തില്‍ അതിനുശേഷം കാര്യങ്ങള്‍ നിര്‍ത്താനാണ് ആലോചിക്കുന്നതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

പൊതു ജനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തി വീട് നിര്‍മ്മാണം പാതിവഴിയിലാക്കി ജനകീയ കമ്മിറ്റി വഞ്ചിച്ചെന്ന് പേരാമ്പ്ര സ്വദേശിയും കുടുംബവും പരാതിയുയര്‍ത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി നിര്‍മാണകമ്മിറ്റി രംഗത്തെത്തിയത്.

പേരാമ്പ്ര ഹൈസ്‌കൂളിനടുത്ത് തൊണ്ടി കറ്റിയാട്ട് മീത്തല്‍ സന്തോഷും ഭാര്യ ശ്രീജയുമാണ് പരാതിയുമായി രംഗത്തെത്തിയത്. നിര്‍മ്മാണം ആരംഭിച്ച് രണ്ട് വര്‍ഷമായിട്ടും വീട് പണി പൂര്‍ത്തിയാക്കിയില്ല, വീട് കോണ്‍ക്രീറ്റ് ചെയ്തില്ലെന്നും കുടുംബം ആരോപിച്ചു. പഞ്ചായത്തംഗം ഭാരവാഹിയായുള്ള ജനകീയ കമ്മിറ്റിയാണ് നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.

നിര്‍മാണ തൊഴിലാളിയായിരുന്ന സന്തോഷ് രോഗംമൂലം ഏറെക്കാലമായി ചികിത്സയിലാണ്. കുടലില്‍ അള്‍സര്‍ സംബന്ധമായ അസുഖമായതിനാല്‍ ജോലിക്ക് പോകാറില്ല. കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കി നിരവധി പേര്‍ സഹായവുമായെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പഞ്ചായത്തംഗം ഉള്‍പ്പെട്ട ജനകീയ കമ്മിറ്റി രൂപീകരിച്ച് വീട് നിര്‍മ്മിച്ചു നല്‍കാന്‍ തീരുമാനിക്കുന്നത്. 2021 ജനുവരിയിലാണ് ജനകീയ കമ്മിറ്റി രൂപവത്കരിച്ച് ഫണ്ട് സമാഹരണം നടത്തിയത്.

മൂന്ന് മാസം മുമ്പ് വീടിന്റെ മേല്‍ക്കൂര വാര്‍ക്കാനായി പലകയടിച്ച് കമ്പികെട്ടിയെങ്കിലും കോണ്‍ക്രീറ്റ് നടന്നിട്ടില്ല. മെറ്റലും കമ്പിയും സിമന്റുമെല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്. പഞ്ചായത്തംഗത്തെ പലവട്ടം കണ്ടുവെങ്കിലും അനുകൂലമായ പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിനല്‍കുകയായിരുന്നെന്നുമാണ് കുടുംബം പറഞ്ഞത്.