ആയഞ്ചേരി പറമ്പിൽ ഗവൺമെൻറ് യുപി സ്കൂളിന്റെ കെട്ടിട നിർമ്മാണം അവസാനഘട്ടത്തിൽ; പ്രവൃത്തി നടക്കുന്നത് സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിൽ
ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു.പി സ്കൂളായ പറമ്പിൽ ഗവൺമെൻറ് യു. പി. സ്കൂൾ കെട്ടിട നിർമ്മാണ പ്രവൃത്തി അവസാന ഘട്ടത്തിൽ. രണ്ട് നിലകൾ കൂടി നിർമ്മിക്കുന്നതിനായി പൈൽ ഫൗണ്ടേഷന് മുകളിലാണ് കെട്ടിടം ഉയരുന്നത്. ഒന്നാം നിലയുടെ ഇലക്ട്രിഫിക്കേഷൻ പ്രവർത്തികളും ഈ വർഷം തന്നെ പൂർത്തിയാകും.
സ്റ്റേജ് കം ക്ലാസ് മുറി, രണ്ട് ക്ലാസ് മുറികൾ, ടോയ്ലറ്റ് ബ്ലോക്ക്, സ്റ്റെയർകെയ്സ് എന്നിവയുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിൽ സമയബന്ധിതമായാണ് നിർമ്മാണ പ്രവർത്തി നടക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പുരോഗതിയാണ് എൽഡിഎഫ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കുഞ്ഞമ്മദ് കുട്ടി എംഎൽഎ അറിയിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017ൽ സംസ്ഥാന സർക്കാറാണ് ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു.പി സ്കൂളായ പറമ്പിൽ ഗവൺമെൻറ് യു. പി. സ്കൂൾ കെട്ടിട നിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ കരാർ.