ചേര്‍മല സെറ്റില്‍മെന്റ് കോളനി ഉള്‍പ്പടെയുള്ള പേരാമ്പ്ര പഞ്ചായത്തിലെ ഉയര്‍ന്നപ്രദേശങ്ങളിലുള്ളവര്‍ക്ക് ആശ്വാസം; ജലജീവന്‍ പദ്ധതിക്കായി ചേര്‍മലയില്‍ കുടിവെള്ളടാങ്ക് നിര്‍മാണം തുടങ്ങി
പേരാമ്പ്ര: പേരാമ്പ്ര ചേര്‍മലയില്‍ ജലജീവന്‍ പദ്ധതിക്കായി കുടിവെള്ള ടാങ്ക് നിര്‍മ്മാണം തുടങ്ങി. പ്രദേശവാസികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് പദ്ധതി നലവില്‍ വരുന്നത്. ചേര്‍മല സെറ്റില്‍മെന്റ് കോളനി ഉള്‍പ്പടെയുള്ള പേരാമ്പ്ര പഞ്ചായത്തിലെ ഉയര്‍ന്നപ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ ലക്ഷ്യമാക്കിയാണ് പുതിയ ടാങ്ക് നിര്‍മിക്കുന്നത്.
പഞ്ചായത്തില്‍ ജലനിധിപദ്ധതി നടപ്പാക്കുന്നതിന് ചിലമ്പ വളവിനുസമീപം നേരത്തേയുള്ള ഉപയോഗിക്കാതെകിടന്ന ടാങ്കാണ് സജ്ജമാക്കുക. ഇവിടെനിന്ന് അതിലും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ കഴിയാത്തതിനാലാണ് പുതിയ ഒരുടാങ്ക് കൂടി നിര്‍മിക്കുന്നത്. ഇതിനായി ചേര്‍മലയില്‍ പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് അനുവദിച്ച 30 സെന്റ് സ്ഥലത്താണ് നിര്‍മ്മാണം നടത്തുന്നത്. പുതിയടാങ്കിന് 22 ലക്ഷം ലിറ്റര്‍ സംഭരണശേഷിയാണുണ്ടാവുക.
പെരുവണ്ണാമൂഴി ഡാമില്‍നിന്ന് ചിലമ്പവളവിലെ ടാങ്കിലേക്കാണ് ആദ്യം വെള്ളമെത്തുക. ഇവിടെനിന്ന് ചേര്‍മലയിലെ ടാങ്കിലേക്ക് വെള്ളം പമ്പിങ്നടത്തി ഉയര്‍ന്നപ്രദേശങ്ങളില്‍കൂടി എത്തിക്കാനാണ് പദ്ധതി. ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത വീടുകളില്‍ ഇങ്ങനെ കുടിവെള്ളമെത്തിക്കാനായി 25.7 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചത്.
ചേര്‍മല സെറ്റില്‍മെന്റ് കോളനിക്കാര്‍ക്ക് പുതിയപദ്ധതി വരുന്നത് ഏറെ പ്രയോജനകരമാകും. ചേര്‍മല നടുക്കണ്ടി മീത്തല്‍ കുടിവെള്ള പദ്ധതിയില്‍ നിന്നാണ് ഇവിടേക്ക് വെള്ളമെത്തിയിരുന്നത്. അത് കുടിക്കാന്‍പറ്റാറില്ലായിരുന്നു. വേനല്‍ക്കാലമാകുമ്പോള്‍ കുടിവെള്ളപ്രശ്‌നം രൂക്ഷമാവും. ഉയര്‍ന്ന പ്രദേശമായതിനാല്‍ അടുത്തസ്ഥലത്തുനിന്നൊന്നും വെള്ളം ചുമന്ന് എത്തിക്കാനുമില്ല. ഇതോടെ പലവീട്ടുകാരും പ്രതിസന്ധിയിലാവാറായിരുന്നു പതിവ്. പുതിയ ടാങ്ക് വരുന്നതോടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാവുമെന്നാണ് പ്രതീക്ഷ.