ആയഞ്ചേരി മംഗലാട് ആരോഗ്യ ഉപകേന്ദ്ര നിര്‍മ്മാണം: കരുതലിന്റെ കൈ നീട്ടി എം.എ മൂസ മാസ്റ്റര്‍, സൗജന്യമായി വിട്ടു നല്‍കിയത് എട്ട് സെന്‌റ് സ്ഥലം
ആയഞ്ചേരി: മംഗലാട് നിര്‍മ്മിക്കുന്ന ആരോഗ്യ ഉപകേന്ദ്രത്തിന് സൗജന്യമായി നാല് സെന്റ് സ്ഥലം കൂടി ഗ്രാമപഞ്ചായത്തിന് വിട്ടു നല്‍കി എം.എ മൂസ മാസ്റ്റര്‍. 2019ല്‍ നാല് സെന്റ് സ്ഥലം ഇതിനായി മൂസ മാസ്റ്റര്‍ വിട്ടു നല്‍കിയിരുന്നു. ഇതിന് പുറമെയാണ് സെന്റിന് 2ലക്ഷം രൂപ വില മതിക്കുന്ന സ്ഥലം വീണ്ടും വിട്ടു നല്‍കിയത്.
ഇതോടെ എട്ട് സെന്റ് സ്ഥലത്തായിരിക്കും ആരോഗ്യ ഉപകേന്ദ്രം പണിയുക. നേഷണല്‍ ഹെല്‍ത്ത് മിഷന്റ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണിയുന്നത്. ഏതാണ്ട് 55 ലക്ഷത്തിലധികം രൂപയാണ് നിര്‍മ്മാണത്തിന്റെ ചെലവ്. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ഹെല്‍ത്ത് ആന്റ് വെല്‍ത്ത് സെന്ററുകളാക്കി മാറ്റുന്നതിന് സ്ഥലപരിമിധി മൂലം പ്രയാസപ്പെടുന്നത് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ സൂചിപ്പിച്ചപ്പോഴാണ് മൂസ മാസ്റ്റര്‍ വീണ്ടും സ്ഥലം നല്‍കാന്‍ തീരുമാനിച്ചത്.
പ്രദേശവാസികൾക്ക് ഏറെ ഗുണം ചെയ്യുന്നതിനോടൊപ്പം ആധുനിക രീതിയിലുള്ള കെട്ടിടവും സ്റ്റാഫിനെയും ലഭിക്കും എന്നതാണ് വെൽനസ് കേന്ദ്രങ്ങളുടെ പ്രത്യേകത. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഏറ്റവും വേഗത്തിൽ ഫണ്ട് ലഭ്യമാക്കി കെട്ടിടം നിർമ്മിക്കാൻ ശ്രമിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ സുരേന്ദ്രന്‍ പറഞ്ഞു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായ മൂസ മാസ്റ്റര്‍ മുമ്പും ഇത്തരത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. പാവപ്പെട്ടവർക്ക് വീടും സ്ഥലവും, കുടിവെള്ളം, റോഡ് നിർമ്മാണം, നിത്യരോഗികൾക്കുള്ള ഗുളികകൾ ഉൾപ്പെടെ നൽകുന്നതിന് യാതൊരു മടിയും കാണിക്കാത്തതാണ് മൂസ മാസ്റ്ററെ വേറിട്ടതാക്കുന്നതെന്ന് മെമ്പര്‍ പറഞ്ഞു.
സ്ഥലം വിട്ടുനല്‍കിയ സമ്മതപത്രം മെമ്പര്‍ ഏറ്റുവാങ്ങി. പനയുള്ളതിൽ അമ്മത്ഹാജി, കുളങ്ങരത്ത് നാരായണക്കുറുപ്പ്, അക്കരോൽ അബ്ദുള്ള, എം.എം മുഹമ്മദ്, ഇ.പി കുഞ്ഞബ്ദുളള, നൗഷാദ് തുപ്പനാരി, എം.എ നസീർ തുടങ്ങിയവർ സംബന്ധിച്ചു.