നടുവണ്ണൂര്‍ കാവില്‍ സത്യനാഥന്റെ കുടുംബത്തിന് സ്‌നേഹ വീടൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; സി.യു.സിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നിര്‍മ്മിക്കുന്ന ആദ്യവീടിന്റെ താക്കോല്‍ ശനിയാഴ്ച്ച രമേശ് ചെന്നിത്തല കൈമറും


നടുവണ്ണൂര്‍: നടുവണ്ണൂര്‍ കാവില്‍ സത്യനാഥന്റെ കുടുംബത്തിന് സ്‌നേഹ വീടൊരുക്കി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോതേരി, ചാലില്‍മുക്ക്, പുതുശ്ശേരി, പുതിയേടത്ത് താഴെ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വീടൊരുക്കിയിരിക്കുന്നത്. അകാലത്തില്‍ വിടപറഞ്ഞ സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകനും നാട്ടുകാരുടെ പ്രിയങ്കരനുമായ നടുവണ്ണൂര്‍ കാവില്‍ പള്ളിയത്തുക്കുനി എളമ്പിലാശ്ശേരി താഴെക്കുനിയില്‍ സത്യനാഥന്റെ കുടുംബത്തിനാണ് വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. കാവില്‍- നൊച്ചാട് റോഡിന് വശം 1100 ചതുരശ്ര അടി വലുപ്പത്തിലാണ് വീട്.

ഹൃദയങ്ങള്‍ ചേര്‍ത്തുവെച്ച് പാര്‍ട്ടിയും നാട്ടുകാര്യം ഒറ്റക്കെട്ടായപ്പോള്‍ ഒന്നാം ഓര്‍മദിനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രിയ സഹപ്രവര്‍ത്തകന്റെ കുടുംബത്തിന് വീടെന്ന സ്വപ്നം സഫലീകരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.

സംസ്ഥാനത്ത് ആദ്യമായി കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ (സി.യു.സി) നേതൃത്വത്തില്‍ നിര്‍മിച്ച സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറല്‍ സെപ്തംബര്‍ 3 ശനിയാഴ്ച രാവിലെ 9 മണിക്ക് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല എം.എല്‍.എ നിര്‍വ്വഹിക്കും. എം.എല്‍.എ കെ.കെ രമ മുഖ്യതിഥിയായി പങ്കെടുക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും.

ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന സത്യനാഥന്റെ മരണം ഭാര്യയും അമ്മയും കുട്ടികളുമടങ്ങുന്ന കുടുംബത്തെ പ്രതിസന്ധിയിലാക്കിയപ്പോള്‍ പാര്‍ട്ടി സഹായഹസ്തവുമായി രംഗത്തെത്തുകയായിരുന്നു. മകള്‍ക്ക് വിദ്യാഭ്യാസ ധനസഹായവും ഉപരിപഠനത്തിന് പിന്തുണ നല്‍കുകയും ചെയ്തു.

നാട്ടുകാരുടെയും പ്രവാസികളുടെയും സഹായത്തോടെയാണ് കമ്മിറ്റി വീട് നിര്‍മ്മാണം ത്വരിതഗതിയില്‍ പൂര്‍ത്തീകരിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് പ്രവൃത്തി ആരംഭിച്ചത്. സമയബന്ധിതമായി വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഭവനിര്‍മ്മാണ കമ്മിറ്റിയുടെ പ്രവര്‍ത്തനം വലിയ മാതൃകയായി.

എം സത്യനാഥന്‍ (ചെയര്‍മാന്‍), പി അയമു (കണ്‍വീനര്‍), സി കെ പ്രദീപന്‍ (ട്രഷറര്‍), ചന്ദ്രന്‍ കോതേരി, കാവില്‍ പി മാധവന്‍, പി സുധാകരന്‍ നമ്പീശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് വീടു നിര്‍മാണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

summary: congress workers prepared a house for the kavil sathyanadans family in naduvannur