വിരമിച്ചിട്ടും സാമൂഹിക സാംസ്‌കാരിക ഇടങ്ങളില്‍ സജീവമാണ് അരിക്കുളത്തെ ഈ അധ്യാപക ദമ്പതികള്‍; തറമ്മലങ്ങാടി കെ.വി.ബാലന്‍ മാസ്റ്റര്‍ക്കും ഇ.ചന്ദ്രിക ടീച്ചര്‍ക്കും കോണ്‍ഗ്രസിന്റെ സ്‌നേഹാദരവ്


അരിക്കുളം: ദേശീയ അധ്യാപക ദിനത്തില്‍ മാതൃകാ അധ്യാപക ദമ്പതികളായ അരിക്കുളം തറമ്മലങ്ങാടി കല്ലുവളപ്പില്‍ കെ.വി.ബാലന്‍ മാസ്റ്റര്‍, ഇ.ചന്ദ്രിക ടീച്ചര്‍ എന്നിവരെ കോണ്‍ഗ്രസ് ആദരിച്ചു. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചിട്ടും നാടിന്റെ സാമൂഹിക സാംസ്‌കാരിക ഇടങ്ങളില്‍ സജീവമാണ് ഇരുവരും.

ബാലന്‍ മാസ്റ്റര്‍ കാരയാട് എ.എല്‍.പി സ്‌കൂളില്‍ നിന്നും ചന്ദ്രിക ടീച്ചര്‍ കാവില്‍ എ.യു.പി സ്‌കൂളില്‍ നിന്നുമാണ് വിരമിച്ചത്. കോണ്‍ഗ്രസ് കാരയാട് സി.യു.സി കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്‌നേഹാദരവ് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.അഷറഫ് ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് അരിക്കുളം മണ്ഡലം പ്രസിഡണ്ട് സി.രാമദാസ് കെ.വി.ബാലന്‍ മാസ്റ്ററെയും 149 ബൂത്ത് പ്രസിഡണ്ട് സി.മോഹന്‍ദാസ് ചന്ദ്രിക ടീച്ചറെയും ഷാള്‍ അണിയിച്ചു. ടി.മുത്തു കൃഷ്ണന്‍, മുഹമ്മദ് അല്‍ അമീന്‍, ബഷീര്‍ തറമല്‍ എന്നിവര്‍ പങ്കെടുത്തു.